മാങ്ങയ്ക്ക് വിപണിയിൽ 200 രൂപയിൽ അധികം വില
മുതലമട: കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമടയിൽ ഇക്കുറി സീസണ് മുന്നേ മാവുകൾ കായ്ചു തുടങ്ങി. സാധാരണ ഫെബ്രുവരി അവസാനത്തോടെയാണ് മാങ്ങയുടെ സീസൺ തുടങ്ങുക. ഇത്തവണ ജനുവരി പകുതയോടെ മാവുകൾ കായ്ച്ചതിനാൽ പ്രതീക്ഷയിലാണ് കർഷകർ. മുതലമട പഞ്ചായത്തിൽ 6000 ഹെക്ടറിലാണ് മാവ് കൃഷി വ്യാപിച്ചു കിടക്കുന്നത്. രണ്ടായിരത്തിലധികം മാവ് കർഷകരും 250ലധികം മാങ്ങ കയറ്റുമതി സംഭരണ കേന്ദ്രങ്ങളുമാണ് മുതലമടയിൽ ഉള്ളത്. ആയിരം കോടിയിലധികം രൂപയാണ് മുതലമടയിലെ മാങ്ങയുടെ പ്രതിവർഷം വിറ്റുവരവ്. തുള്ളനും ഇലപ്പേനും തേനടിയും മൂലം ഭൂരിഭാഗം മാവിൻ തോട്ടങ്ങളിലും മരുന്നടി തുടരുന്നുണ്ട്. പഞ്ചായത്തിന്റെ തുടക്കം മുതൽ തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ വരെയുള്ള റോഡുകൾക്ക് ഇരുവശവും മാവിൻതോട്ടങ്ങൾ ഭാഗികമായി കാണപ്പെടുന്നുണ്ട്. ഇവിടെ വാഹനങ്ങൾ നിറുത്തിയിട്ടുള്ള മരുന്നടി യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
തീരാത്ത പ്രതിസന്ധി
കഴിഞ്ഞ നാലുവർഷമായി മാവുകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കാലാവസ്ഥാ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മിത്ര കീടങ്ങളുടെ നാശവും വിപണിയിലെ വിലയിടിവും മുഴുവൻ മാവ് കർഷകരെയും പ്രതിസന്ധിയിലാക്കി. ഇത്തവണയും ഇതിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും മാവുകൾ കായ്ചതിനാൽ പ്രതീക്ഷയിലാണ് കർഷകർ. മാവ് കർഷകരുടെ പ്രതിസന്ധി മുൻനിർത്തി കർഷക സംഘടനകൾ ഉൾപ്പെടെയുള്ളവർ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും നാളിതുവരെയായി യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് കർഷകർ ആരോപിച്ചു. മാങ്ങാ ഹബ്ബ് എന്ന സ്വപ്നവും മുതലമട മാങ്ങയ്ക്ക് ആഗോള വിപണിയിൽ പ്രത്യേക സ്ഥാനവുമുള്ളപ്പോൾ പ്രതീക്ഷയ്‌ക്കൊത്ത് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് മാവ്കർഷകർ കുറ്റപ്പെടുത്തുന്നു. തുള്ളനും ഇലപ്പേനും തേനടിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാർഷിക യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങൾ പലതും പരാജയമാണെന്നും കർഷകർ ആരോപിച്ചു. കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിച്ചാൽ മാത്രമേ മുതലമട മാങ്ങ വിപണി നിലനിറുത്താനാകു എന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |