തൊടുപുഴ നഗരസഭയിൽ കൗൺസിലർമാർ തമ്മിലുള്ള പടലപ്പിണക്കം മൂലം ഭരണം പ്രതിസന്ധിയിൽ. നഗരസഭാ ഭരണം കൈയാളുന്ന എൽ.ഡി.എഫിൽ പോലും കൗൺസിലർമാർ രണ്ടു തട്ടിലാണ്. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഇതു മറനീക്കി പുറത്തുവന്നതോടെയാണ് ഇടതു മുന്നണിയിൽ തന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലെത്തിയത്. ഇതിനിടെ കഴിഞ്ഞ ദിവസം കൗൺസിലിൽ അജണ്ട ചർച്ചയ്‌ക്കെടുക്കാത്തതു മൂലം നഗരസഭയ്ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടപ്പെട്ടെന്ന ആരോപണവുമായി വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി രംഗത്തെത്തി. നാലുമാസം മുമ്പ് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭരണം വീണ്ടും ഇടതു മുന്നണിയ്ക്ക് ലഭിച്ചിരുന്നു. ലഭിക്കുമെന്നുറപ്പായ ഭരണമാണ് മുസ്ലീംലീഗിന്റെ നിലപാട് മൂലം യു.ഡി.എഫിന് കൈവിട്ടുപോയത്. എന്നാൽ ചെയർപേഴ്സണായി സി.പി.എമ്മിലെ സബീന ബിഞ്ചു ചുമതലയേറ്റതിനു ശേഷമാണ് നഗരസഭയിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. പല കൗൺസിൽ യോഗങ്ങളിലും ഭരണകക്ഷി മെമ്പർമാരിൽ നിന്നു പോലും ചെയർപേഴ്സന് മതിയായ പിന്തുണ ലഭിക്കാറില്ലെന്നു മാത്രമല്ല വിമർശനവും നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞദിവസം ചേർന്ന കൗൺസിലിൽ പതിവായുള്ള അജണ്ട ചർച്ചയ്‌ക്കെടുക്കാത്തത് വലിയ വാഗ്വാദത്തിനിടയാക്കിയിരുന്നു. തകർന്നു കിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ കുഴിയടയ്ക്കൽ നടത്താത്തതിനെ ചൊല്ലി സി.പി.ഐ അംഗമായ മുഹമ്മദ് അഫ്സൽ കൗൺസിലിൽ എഴുന്നേറ്റ് നിന്നാണ് പ്രതിഷേധിച്ചത്. എന്നാൽ അജണ്ടയിൽ ഇല്ലാത്ത വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സി.പി.എം. അംഗം ആർ. ഹരി അഭിപ്രായപ്പെട്ടതോടെ ചർച്ച അലങ്കോലപ്പെട്ടു. അഫ്സലിന് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതോടെ കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപോയി. എൽ.ഡി.എഫിന്റെ നിലപാടിനു വിരുദ്ധമായാണ് സി.പി.ഐ അംഗം പ്രവർത്തിച്ചതെന്ന വിമർശനവുമായി ചെയർപേഴ്സൺ സബീന ബിഞ്ചു പിന്നീട് രംഗത്തെത്തി. കൗൺസിലിൽ നിൽപ്പ് സമരം നടത്തിയ സി.പി.ഐ കൗൺസിലറുടെ നടപടി സി.പി.എം നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. നവംബർ 11ന് ചേർന്ന കൗൺസിലിൽ വാർഷിക പദ്ധതി ഭേദഗതിയിൽ ചെയർപേഴ്സൺ ഇടപെട്ട് ചില പദ്ധതികൾ മാറ്റുകയും മറ്റ് ചിലത് ഉൾപ്പെടുത്തുകയും ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.പി.എം അംഗം ആർ. ഹരി ഉൾപ്പെടെയാണ് അന്ന് ചെയർപേഴ്സൺ സബീന ബിഞ്ചുവിനെതിരെ പ്രതികരിച്ചത്. ഇതിനിടെ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ ചെയർപേഴ്സൺ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. മുന്നണിയിൽ നിന്ന് പോലും ചെയർപേഴ്സണ് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ സി.പി.ഐ അംഗങ്ങളായ മുഹമ്മദ് അഫ്സലും ജോസ് മഠത്തിലും സി.പി.എം അംഗം ആർ. ഹരിയും പ്രതിപക്ഷ അംഗങ്ങളുടെ നിലപാടിനൊപ്പമാണ് നിന്നത്. എൽ.ഡി.എഫ്, മുസ്ലീം ലീഗ് അംഗങ്ങൾ കാഴ്ചക്കാരുടെ റോളിലായിരുന്നു. കേരള കോൺഗ്രസ് അംഗമായ വൈസ് ചെയർപേഴ്സൺ ജെസി ആന്റണിയും ഈ സമയം പ്രതികരിച്ചില്ല.
പിന്നീടാണ് കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചതോടെ റോഡ് അറ്റകുറ്റപ്പണിയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടമായെന്ന് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൂടിയായ വൈസ് ചെയർപേഴ്സൺ വ്യക്തമാക്കിയത്. നഗരസഭയിലെ തർക്കം മൂലം 2023- 24 വർഷത്തെ പല പദ്ധതികൾക്കും ഇതുവരെ തുടക്കമിടാൻ സാധിച്ചിട്ടില്ല. ഫണ്ട് നഷ്ടമാകുന്നത് നഗരസഭയിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിയ്ക്കുന്ന അവസ്ഥയാണെന്ന് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ആരോപിക്കുന്നു.
യു.ഡി.എഫിലും
ഭിന്നത രൂക്ഷം
ഇതിനിടെ മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പ് മുതൽ യു.ഡി.എഫിൽ രൂപപ്പെട്ട കോൺഗ്രസ്- ലീഗ് തർക്കത്തിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. തർക്കം ചർച്ചയിലൂടെ പരിഹരിച്ചെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും നഗരസഭയിൽ രണ്ടു പാർട്ടികളും രണ്ടു തട്ടിലാണ്. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വിഷയത്തിൽ കൗൺസിൽ ബഹിഷ്‌കരിച്ച ശേഷം രണ്ടു പാർട്ടികളും വ്യത്യസ്ത സമരമാണ് നടത്തിയത്. കൗൺസിൽ യോഗങ്ങളിൽ ലീഗുമായി ഒരു ധാരണയും വേണ്ടെന്ന മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നിലപാടിൽ തന്നെ പാർലമെന്ററി പാർട്ടിയും ഉറച്ചു നിൽക്കുകയാണെന്നാണ് ഇതോടെ വ്യക്തമായത്.
ഏറ്റുമുട്ടൽ
ഫേസ്ബുക്കിലും
നഗരസഭയിലെ ഭരണ-പ്രതിപക്ഷ മുന്നണികൾക്കുള്ളിൽ അസ്വാരസ്യം മറനീക്കി പുറത്ത് വരുന്നത് സാമൂഹ്യ മാദ്ധ്യമത്തിലും പ്രതിഫലിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിലുണ്ടായ തർക്കത്തിന് തുടർച്ചയായുള്ള ചെയർപേഴ്സൺ സബീന ബിഞ്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
തൊടുപുഴ നഗരസഭയിൽ വിവിധ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ചില കൗൺസിലർമാർ ബോധപൂർവ ശ്രമം നടത്തുന്നതായാണ് ചെയർപേഴ്സൺ സബീന ബിഞ്ചു ഫേസ്ബുക്കിൽ കുറിച്ചത്. എം.ടി വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവരുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് കൗൺസിൽ യോഗം ചേരാനായത്. 28 അജണ്ടകളാണ് പരിഗണിക്കേണ്ടിയിരുന്നത്. മങ്ങാട്ടുകവല ബസ് സ്റ്റാൻഡും വിവിധ റോഡുകളുടെയും അറ്റകുറ്റപ്പണി നാലാം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി നടത്തി മുന്നോട്ടുപോകണമെന്നാണ് എൽ.ഡി.എഫ് നിലപാട്. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനും ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകിയിരുന്നു. പദ്ധതി പുതുക്കി നൽകാൻ സർക്കാർ ഉത്തരവുമുണ്ടായിരുന്നു. ഇതിനായി 6,40,000 രൂപ എസ്റ്റിമേറ്റും തയ്യാറാക്കി. ആദ്യം ടൈൽ വിരിക്കുന്നതിനായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ ആസൂത്രണ സമിതിയിൽനിന്ന് അത്രയും തുകയുടെ പ്രവൃത്തി വേണ്ടെന്ന നിർദ്ദേശമാണ് ലഭിച്ചത്. ശേഷമാണ് ടാറിങ് നടത്താൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇത് മനസിലാക്കി മുതിർന്ന കൗൺസിലർമാരടക്കം ഇറങ്ങിപ്പോയി മങ്ങാട്ടുകവല ഉൾപ്പെടുന്ന വാർഡ് കൗൺസിലർ കൗൺസിൽ നടക്കാൻ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് എൽ.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായിരുന്നു. വിവിധ റോഡ് അറ്റകുറ്റപ്പണികൾക്കായി 25,67,000 രൂപ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച തീരുമാനം ജില്ലാ ആസൂത്രണ സമിതിക്ക് ശനിയാഴ്ച സമർപ്പിക്കേണ്ടിയിരുന്നു. ഇവരുടെ നിലപാടുകൾ കാരണം ഈ തുക നഗരസഭയ്ക്ക് നഷ്മാകും പ്രധാനപ്പെട്ട മറ്റ് അജണ്ടകളും ചർച്ചചെയ്യാൻ സാധിച്ചില്ലെന്നും സബീനയുടെ പോസ്റ്റിൽ പറയുന്നു.
കുറിപ്പിന് താഴെ സി.പി.ഐ അംഗം മുഹമ്മദ് അഫ്സൽ മറുപടി കൂടി എഴുതിയതോടെ തർക്കം മുറുകി. ഈ കൗൺസിലിൽ കൂടെയുള്ള പലരും മനസ് കൊണ്ടും ശരീരം കൊണ്ടും മറുകണ്ടം ചാടിയപ്പോഴും പാറ പോലെ കൂടെ നിന്ന് സംരക്ഷണം ഒരുക്കിയിട്ടുള്ള ആളാണ് താനെന്ന് അഫ്സലിന്റെ കമന്റിൽ പറയുന്നു. നാളെയും അങ്ങനെ തന്നെ ആയിരിക്കും. താൻ ഒരിക്കലും ചെയർപേഴ്സനെ തള്ളി പറഞ്ഞിട്ടില്ല. ഒരു പാർലിമെന്ററി കമ്മിറ്റി പോലും ഇത് വരെ കൂടാൻ കഴിഞ്ഞിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. തന്റെ പിടിവാശി മൂലം ആയിരുന്നില്ല കഴിഞ്ഞ കൗൺസിൽ കൂടാതെ പോയത്. അത് താങ്കൾക്കും അറിയാം. എന്നിട്ടും തന്നെ ഒറ്റപ്പെടുത്താൻ കാണിച്ച ആത്മാർത്ഥതയുടെ പകുതി അന്ന് ബഹിഷ്‌കരിച്ചു പോയ മുതിർന്ന അംഗത്തോടും ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമെല്ലന്ന് പറഞ്ഞു മൊബൈൽ നോക്കി രസിച്ച ധനകാര്യ ചെയർപേഴ്സണെയും കൂടി പറഞ്ഞാൽ നന്നായിരുന്നെന്നും അഫ്സൽ കമന്റിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |