തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തിരുവനന്തപുരം കണിയാപുരം കണ്ടലിൽ ഷാനു എന്ന വിജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിനുള്ളിലെ ഹാളിലെ തറയിലാണ് വിജിയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതി ധരിച്ചിരുന്ന മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല.
വൈകിട്ട് അഞ്ചരയോടെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ മക്കളാണ് മൃതദേഹം കണ്ടത്. ഭർത്താവ് മരിച്ച വിജി കുറച്ചുനാളുകളായി തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം താമസിക്കുകയായിരുന്നു. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. കുട്ടികൾ സ്‌കൂളിൽ പോകുന്നതുവരെ ഇയാൾ വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
രങ്കൻ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |