കുറച്ച് ദിവസം മാറി നിന്ന് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഹാളിലും കിടപ്പുമുറിയിലുമൊക്കെ ചിലന്തികൾ സ്ഥാനംപിടിച്ചിരിക്കുന്നത് പതിവുകാഴ്ചയാണ്. ആൾതാമസമുണ്ടെങ്കിലും പല വീടുകളിലും മുക്കിലും മൂലയിലും ചിലന്തികൾ വല വിരിച്ചിരിക്കുന്നത് കാണാം.
എത്രയൊക്കെ വൃത്തിയാക്കിയാലും ചിലന്തിശല്യം രൂക്ഷമാണെന്ന് പരാതിയുള്ളവരും നിരവധിയാണ്. ചിലന്തി കടിച്ചാൽ ചൊറിച്ചിലടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ ചിലന്തിയെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അത്യന്താപേക്ഷികമാണ്.
നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുതന്നെ ചിലന്തിയെ തുരത്താൻ സാധിക്കും. വെളുത്തുള്ളി ഉപയോഗിച്ച് സിമ്പിളായി ചിലന്തിയെ ഓടിക്കാം. വെളുത്തുള്ളി ജ്യൂസാക്കുക. ശേഷം കുറച്ച് വെള്ളവും ചേർത്ത് ഒരു സ്‌പ്രേ ബോട്ടിലാക്കുക. ഇനി ചിലന്തിയെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുക്കാം.
കർപ്പൂര തുളസിയാണ് മറ്റൊരു സൂത്രം. കർപ്പൂര തുളസിയിൽ കുറച്ച് എണ്ണ ചേർത്ത് സ്‌പ്രേ ബോട്ടിലിലാക്കുക. ചിലന്തിയെ കൂടുതലായി കാണുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്യാം. ഇതുവഴി ചിലന്തിയെ തുരത്താൻ സാധിക്കും.
അതുപോലെ തന്നെ ചിലന്തിക്ക് ഏറ്റവും അസഹനീയമായ ഗന്ധമാണ് പുതിനയുടെ. പുതിന ചതച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് നന്നായി യോജിപ്പിക്കണം. ഇനി സ്‌പ്രേ ബോട്ടിലാക്കി ചിലന്തി ശല്യമുള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. ചിലന്തി വീട്ടിൽ നിന്ന് അപ്രത്യക്ഷമാകും. എല്ലാത്തിലുമുപരി പ്രതിദിനം വീടിന്റെ മുക്കും മൂലയും നന്നായി അടിച്ചുവാരി വൃത്തിയാക്കണം. ഇതുവഴി പ്രാണികളെ ഒരു പരിധിവരെ അകറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |