ഫഹദ് ഫാസിൽ നായകനായി രഞ്ജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം. 16 വർഷങ്ങൾക്കുശേഷം രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മമ്മൂട്ടി നായകനായി എത്തിയ രൗദ്രം ആണ് രഞ്ജി പണിക്കർ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഫഹദ് - രഞ്ജി പണിക്കർ ചിത്രം. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ അറിയിക്കും. ഇതാദ്യമായാണ് ഫഹദും രഞ്ജി പണിക്കരും ഒരുമിക്കുന്നത്.
അതേസമയം ഓടും കുതിര ചാടും കുതിര ആണ് പുതുവർഷത്തിൽ ഫഹദിന്റെ ആദ്യ റിലീസ്. നടനും സംവിധായകനുമായ ആൽത്താഫ് സലിം ഒരുക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. രേവതി പിള്ളൈ, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജിപണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, ഇടവേള ബാബു, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ജിന്റോ ജോയ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായ്ക്കും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം മേയിൽ സെൻട്രൽ പിക്ചേഴ്സ് തിയേറ്ററിൽ എത്തിക്കുന്നു. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രൻ ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം. പ്രേമലുവിന്റെ വമ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |