കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്നും പുറത്തുവരില്ല. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത മറ്റ് തടവുകാർക്ക് താൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുറത്തുവരുന്നില്ലെന്ന് അദ്ദേഹം അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ഇത്തരം തടവുകാർ പുറത്തിറങ്ങും വരെ താനും ജയിലിൽ തന്നെ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.
അഭിഭാഷകർ ഇല്ലാതെയും ബോണ്ട് തുക കെട്ടിവയ്‌ക്കാൻ കഴിയാതെയും നിരവധി പേർ ജയിലിൽ കഴിയുന്നുണ്ടെന്നും ഇവർ പുറത്തിറങ്ങും വരെ താനും ജയിലിൽ കിടക്കുമെന്നുമാണ് കാക്കനാട് ജയിലിലുള്ള ബോബി അഭിഭാഷകരെ അറിയിച്ചത്. ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂർ നാളെ പുറത്തിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.
ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് വൈകുന്നേരം പുറത്തിറങ്ങിയിരുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബോബിക്ക് നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ മെൻസ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ കാത്തുനിൽക്കുകയാണ്.
50000 രൂപയുടെ ആൾ ജാമ്യം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സമാനമായ കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്. അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
ദ്വയാർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |