പാറശാല: കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡ് മാഫിയാസംഘങ്ങളുടെ കടത്ത് കേന്ദ്രമായി മാറുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾ കരമന-കളിയിക്കാവിള റോഡിലെ തിരക്കിൽപ്പെടാതിരിക്കാനായി ഇപ്പോൾ കളിയിക്കാവിളയിൽ നിന്നു തിരിഞ്ഞ് ചെങ്കവിളയിലെത്തി ബൈപ്പാസ് റോഡിന് ഇരുവശത്തായിട്ടുള്ള സർവ്വീസ് റോഡ് വഴി ബൈപ്പാസ് റോഡിലെത്തും. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ബൈപ്പാസ് റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
എന്നാൽ ബൈപ്പാസ് റോഡ് വഴി കള്ളക്കടത്ത്, ജി.എസ്.ടി വെട്ടിച്ചുള്ള സാധനങ്ങളുടെ കടത്ത്, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്ത്, കുഴൽപ്പണം, മറ്റ് അനധികൃത വസ്തുക്കളുടെ കടത്തുകൾ ഉൾപ്പെടെ നടത്തുന്ന മാഫിയാസംഘങ്ങളുടെ കടത്ത് കേന്ദ്രമായി മാറിയിട്ടുണ്ട്.
വാഹന പരിശോധന ഇല്ല
ബൈപ്പാസ് റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള ക്യാമറ സംവിധാനങ്ങളോ സ്ഥിരമായ വാഹന പരിശോധനാ സംവിധാനങ്ങളോ ഉറപ്പു വരുത്തുന്നതിനായി കസ്റ്റംസ്, എക്സൈസ്, ആർ.ടി.ഒ, പൊലീസ് അധികൃതരെയോ ചുമതലപ്പെടുത്താത്തതിനാൽ ആർക്കും അധികാരികളുടെ കണ്ണുവെട്ടിച്ച് ബൈപ്പാസ് റോഡിലൂടെ പോകാൻ കഴിയും.
ലഹരിക്കടത്ത് തുടരുന്നു
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഇപ്പോൾ വൻതോതിൽ ലഹരിക്കടത്ത് തുടരുകയാണ്. പലപ്പോഴും നേരത്തെ കിട്ടിയ സന്ദേശങ്ങളെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന് ലഹരി വസ്തുക്കളുടെ വൻശേഖരം പിടികൂടാനായിട്ടുണ്ട്. ബൈപ്പാസ് റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ സന്ധ്യ കഴിഞ്ഞാൽ റോഡ് കൂരിരുട്ടാകുന്നത് കടത്തുകാർക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്.
കാരോട്-കഴക്കൂട്ടം ബൈപ്പാസ് റോഡിലൂടെ നിരന്തരം തുടരുന്ന ലഹരി വസ്തുക്കൾ, കുഴൽപ്പണം, മറ്റ് അനധികൃത വസ്തുക്കൾ എന്നിവ കടത്തുന്ന മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികൃതർ വേണ്ടത്ര അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പരിസരവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |