കൊച്ചി: മഞ്ഞൾ കൃഷിയുടെ സമഗ്രവികസനത്തിനും മൂല്യവർദ്ധന, ഗുണമേന്മ, വിപണന വിപുലീകരണം എന്നിവ ഉറപ്പാക്കാനും തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി നാഷണൽ ടർമറിക് ബോർഡ് പ്രവർത്തനം ആരംഭിച്ചു. വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തെ മഞ്ഞൾ ഉത്പാദനത്തിൽ 70 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 10.74 ലക്ഷം ടൺ മഞ്ഞളാണ് രാജ്യത്ത് വിളവെടുത്തത്. മഞ്ഞളിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും ബോർഡ് പ്രോത്സാഹനം നൽകും. കയറ്റുമതി, ഉത്പാദക സംഘങ്ങളും ബോർഡുമായി സഹകരിക്കും. മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ബോധവത്കരണത്തോടൊപ്പം വിളവ് വർദ്ധിപ്പിക്കാനും പുതിയ വിപണികൾ കണ്ടെത്താനുമാണ് ബോർഡ് ലക്ഷ്യമിടുന്നത് .
ചടങ്ങിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ, അരവിന്ദ് ധർമ്മപുരി എം.പി, നാഷണൽ ടർമറിക് ബോർഡ് ചെയർപേഴ്‌സൺ പല്ലെ ഗംഗ റെഡ്ഡി, എം.എൽ.എമാരായ ധൻപാൽ സൂര്യനാരായണ, പൈദി രാകേഷ് റെഢി, സ്‌പൈസസ് ബോർഡ് സെക്രട്ടറി പി. ഹേമലത, ഡയറക്ടറും ടർമറിക് ബോർഡ് സെക്രട്ടറിയുമായ ഡോ. എ.ബി. രമശ്രീ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |