സുവർണ ജൂബിലി ആഘോഷം 24ന് തുടങ്ങും
കോട്ടയം: പൊതുമേഖല സ്ഥാപനമായ കോട്ടയത്തെ വനം വികസന കോർപ്പറേഷൻ അരനൂറ്റാണ്ടിന്റെ തിളക്കത്തിലേക്ക്. ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആറ് ഡിവിഷനുകളിൽ നടക്കുന്ന സുവർണ ജൂബിലി ആഘോഷം 24ന് കോട്ടയത്ത് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വനവത്ക്കരണത്തിലും വന സംരക്ഷണത്തിനുമപ്പുറം ഗവി,നെല്ലിയാമ്പതി, വാഗമൺ. മീശപ്പുലി മല തുടങ്ങിയ കേന്ദ്രങ്ങളിൽ പാക്കേജുകളോടെ ടൂറിസം പദ്ധതികൾ ആരംഭിച്ചതോടെയാണ് നഷ്ടത്തിലായിരുന്ന വനം വികസനകോർപ്പറേഷൻ ലാഭത്തിലായത്.
1975 ജനുവരി 24ന് കോട്ടയത്ത് വാടക കെട്ടിടത്തിൽ തുടങ്ങിയ കോർപ്പറേഷന് പിന്നീട് കാരാപ്പുഴയിൽ ആരണ്യകമെന്ന സ്വന്തം ആസ്ഥാന മന്ദിരമായി. റബറും ഏലവും കാപ്പിയും തേയിലയും കൃഷി ചെയ്യുന്ന പ്ലാന്റേഷനുകളാണ് പ്രധാന വരുമാനം .മാനന്തവാടി, തൃശൂർ, ഗവി, മൂന്നാർ, തിരുവനന്തപുരം, തൃശൂർ, പുനലൂർ ഡിവിഷനുകളിൽ ചന്ദന, തേക്ക് പ്ലാന്റേഷനുകളുണ്ട്. മറയൂരിൽ ചന്ദന ഫാക്ടറിയുമുണ്ട്. ശബരിമലയിൽ അരവണ പായസത്തിൽ കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ഏലക്ക ചേർക്കണമെന്ന്ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഏലക്കയും ദേവസ്വം ബോർഡാണ് വാങ്ങുന്നത്.
വൈവിദ്ധ്യവൽക്കരണം അനുഗ്രഹമായി
വൈവിദ്ധ്യവത്ക്കരണത്തിന്റെ ഭാഗമായാണ് 2,000ൽ കോർപ്പറേഷൻ ടൂറിസം മേഖലയിലേക്ക് തിരിഞ്ഞത്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഗവിയൽ 58 സഞ്ചാരികൾക്ക് താമസിക്കാൻ സൗകര്യമുണ്ട്. വാഗമണിൽ 37 ഏക്കർ സ്ഥലത്ത് പൂന്തോട്ടം ഒരുക്കുകയാണ്.
വനവിഭവങ്ങൾ, ഏലം, കാപ്പി ,തേയില, തടി എന്നിവയുടെ വില്പനയ്‌ക്ക് പുറമേ ടൂറിസം വരുമാനവും നേട്ടമായി. കോർപ്പറേഷന്റെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേകം പാക്കേജിലൂടെ വരുമാനം ഉയർത്താനായി.
ലതികാ സുഭാഷ്
കെ.എഫ്.ഡി.സി ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |