കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം ദിയ ഭവനിൽ ശ്യാമയെ (26) കൊലപ്പെടുത്തിയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി രാജീവിനെയാണ് (38) ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തത്.
തെളിവെടുപ്പിനായി രാജീവിനെ വീട്ടിലെത്തിച്ചെങ്കിലും നാട്ടുകാർ ബഹളം വച്ചതോടെ പൂർത്തിയാക്കാനാകാതെ മടങ്ങി. ഞായാറാഴ്ച രാത്രി 9 ഓടെയാണ് ശ്യാമയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ അവശനിലയിലാണെന്നും ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് രാജീവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തിയിരുന്നു. നാട്ടുകാരെത്തുമ്പോൾ തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരുഹത ആരോപിച്ച് രംഗത്തെത്തിയതോടെ രാജിവിനെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന രാജീവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രാജീവിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |