ചെന്നൈ: 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ശേഷം കുംടുംബത്തിനും ആരാധകർക്കും നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് സൂപ്പർ താരം അജിത്. തനിക്ക് ലഭിച്ച അചഞ്ചലമായ സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ അഭിനിവേശത്തിനും സ്ഥിരോത്സാഹത്തിനും പിന്നിലെ ശക്തിയെന്ന് അജിത് എക്സിൽ കുറിച്ചു. പരിമിതികൾ മറികടക്കാനും വെല്ലുവിളികൾ സ്വീകരിക്കാനും മോട്ടോർ സ്‌പോർട്സിൽ പുതിയ നാഴികക്കല്ലുകൾ നേടാനുമെല്ലാം ഈ പ്രോത്സാഹനം പ്രേരിപ്പിക്കുന്നു. എന്റെ ഈ യാത്ര നിങ്ങളെ കുറിച്ച് കൂടിയുള്ളതാണ്. ട്രാക്കിലെ ഓരോ നിമിഷവും നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തിന്റെ സാക്ഷ്യപ്പെടുത്തലാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്- അജിത് കുറിച്ചു. പൊങ്കൽ, മകര സംക്രാന്തി ആശംസകൾ നേർന്ന അദ്ദേഹം, ആരാധകർ തമ്മിൽ തർക്കമുണ്ടാകാതെ അവരവരുടെ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാനും പറഞ്ഞു.
24 എച്ച് ദുബായ് 2025 മത്സരത്തിനായുള്ള പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. കാര്യമായ പരിക്കുകളില്ലാത്തതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. മൂന്നാം സ്ഥാനത്തെത്തിയതോടെ രാഷ്ട്രീയ, കായിക, ചലച്ചിത്ര രംഗത്തെ പ്രമുഖരും ആരാധകരും അജിത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അജിത്തും സംഘവും തങ്ങളുടെ വിജയം ആഘോഷിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ പതാകയുമായി താരം വേദിയിലേക്ക് ഓടുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
2002ൽ റേസിംഗ് ട്രാക്കിലേക്ക് തിരിച്ചെത്തിയ അജിത് ഇന്ത്യയിൽ നടന്ന വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു. 2003ൽ, ഫോർമുല ബി.എം.ഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും മുഴുവൻ സീസണും പൂർത്തിയാക്കുകയും ചെയ്തു. 2004ൽ ബ്രിട്ടീഷ് ഫോർമുല 3ൽ പങ്കെടുത്തെങ്കിലും ജോലി സംബന്ധമായ കാര്യങ്ങളുണ്ടായിരുന്നതിനാൽ സീസൺ പൂർത്തിയാക്കാൻ സാധിച്ചില്ല. കുറച്ചുകാലം കാത്തിരുന്ന് പിന്നീട് 2010ൽ യൂറോപ്യൻ ഫോർമുല 2 സീസണിൽ മത്സരിക്കാൻ അവസരം ലഭിച്ചു. പക്ഷേ അപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് കുറച്ച് മത്സരങ്ങളിൽ മാമ്രേ താരത്തിന് പങ്കെടുക്കാനായുള്ളൂ.റേസിങ് താരം മാത്രമല്ല, 'അജിത് കുമാർ റേസിങ്' എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോൾ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയൻ ഡഫിയക്സ്, കാമറൂൺ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോർഷെ 991 ക്ലാസിലാണ് അജിത് മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |