കൊല്ലം: വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച 'സപ്ളൈ കേരള' ഡെലിവറി സംവിധാനം സപ്ളൈകോ പിൻവലിച്ചു. ആപ്പ് ഉപയോഗിച്ച് ഓൺലൈനായി സാധാനങ്ങൾ വാങ്ങാൻ ആളെ കിട്ടാതിരുന്നതാണ് സംരംഭം ഉപേക്ഷിക്കാൻ കാരണം.
ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങൾ അതത് സ്ഥലങ്ങളിൽ അതിവേഗം എത്തിക്കുന്നതിനാണ് സിവിൽ സപ്ലൈസ് വകുപ്പ് ആൻഡ്രോയ്ഡ് ആപ്പ് ആരംഭിച്ചത്. ഗ്രാമങ്ങളിൽ പോലും വൻ സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ചുവട് പിഴയ്ക്കുകയായിരുന്നു.
വർഷത്തിൽ ഒന്നോ രണ്ടോ ഓർഡർ മാത്രമാണ് ലഭിച്ചത്. ഉപഭോക്താക്കൾക്ക് സപ്ലൈ കേരള ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്ത് ഉത്പന്നങ്ങൾ ഓർഡർ ചെയ്യാൻ കഴിയുമായിരുന്നു.
നാല് കിലോമീറ്റർ ദൂരത്തിൽ അഞ്ച് കിലോ തൂക്കത്തിന് 35 രൂപയും ജി.എസ്.ടിയും എന്ന നിരക്കിലാണ് ഡെലിവറി ചാർജ്. സംസ്ഥാനത്തെ 500ൽ പരം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയുള്ള വിതരണ ശൃംഖല വഴി പതിനായിരത്തിലേറെ യുവജവങ്ങൾക്ക് തൊഴിലവസരവും പ്രതീക്ഷിച്ചിരുന്നു. കൂടാതെ സപ്ലൈ കേരള വഴി പുതുതായി വിപണിയിലിറക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിയിപ്പും നൽകിയിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം കിട്ടാതായതോടെയാണ് ആപ്പ് പൂട്ടിക്കെട്ടിയത്.
ആപ്പിൽ ഓർഡർ കിട്ടുന്നില്ല
വീട്ടിലിരുന്ന് സാധനങ്ങൾ ഓർഡർ ചെയ്യാം
ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല
ആപ്പിനേക്കുറിച്ച് അറിയാത്തവരും ധാരാളം
ഉത്പന്നങ്ങൾ എത്തിക്കുന്നത് സ്വകാര്യ ഏജൻസി
ആരംഭിച്ചത് - 2021ൽ
ഡെലിവറി - 10 കിലോമീറ്റർ ചുറ്റളവിൽ
ഓൺലൈൻ ബില്ലിംഗിന് - 5 % കിഴിവ്
വിലക്കുറവ് - 30%
ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങിയാൽ അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി ഉത്പന്നങ്ങൾ സൗജന്യമായും നൽകിയിരുന്നു. ജനങ്ങളിൽ നിന്ന് പ്രതികരണം ഇല്ലാത്തതിനാലാണ് ആപ്പ് ഒഴിവാക്കിയത്.
സപ്ളൈകോ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |