വടക്കാഞ്ചേരി: അകമലയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ജനവാസ മേഖലയിലും പാടശേഖരങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. പാറയിൽ ഗോവിന്ദൻ കുട്ടിയുടെ വീട്ടുവളപ്പിൽ നിന്നിരുന്ന കവുങ്ങ്, വാഴകൾ എന്നിവ നശിപ്പിച്ചു. പാറയിൽ ശശി, കുഴിയോട് ഇന്ദിര, ചാക്യാർകുന്ന് ലോറൻസ് എന്നിവരുടെ കൃഷിയിടങ്ങളിലും ആനകളെത്തി. വന്യജീവിശല്യം പ്രതിരോധിക്കാൻ സ്ഥാപിച്ച കമ്പിവേലിയും തകർത്തു. പാടശേഖരങ്ങളിലിറങ്ങിയ ആന വരമ്പുകൾ ചവിട്ടി നശിപ്പിച്ചു. കൊയ്ത്തിന് പാകമായ നെൽച്ചെടികൾ പിഴുതെറിഞ്ഞും ചവിട്ടി മെതിച്ചും നശിപ്പിച്ചു. വന്യമൃഗ ശല്യം ഒഴിവാക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ രണ്ടു വർഷത്തിലധികമായി മേഖലയിലെ ജനങ്ങൾ കാട്ടാനശല്യത്തിൽ ദുരിതമനുഭവിക്കുകയാണ്.
പാട്ട കൊട്ടി പ്രതി രോധിക്കാൻ കർഷകർ
ആനകളെ തുരത്താൻ കർഷകർ വീട് വിട്ട് കൃഷിയിടങ്ങളിൽ തമ്പടിക്കുകയാണ്. വാഴത്തോട്ടങ്ങളിൽ തീകൂന ഒരുക്കിയും പാട്ട കൊട്ടിയുമാണ് പ്രതിരോധം. മേഖലയിൽ ഭൂരിഭാഗം പേരും വാഴക്കൃഷി ഉപേക്ഷിച്ചു. കൊമ്പനും രണ്ടു കുട്ടിയാനകളും അടക്കം 6 ആനകളാണ് മേഖലയിൽ വിഹരിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. അധികൃതരുടെ പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങുന്നതിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |