പ്രതിനിധികളെ ഈമാസം തന്നെ വിളിച്ചുവരുത്തും
2024ൽ എൻ.ഡി.എ തോറ്റെന്നായിരുന്നു പരാമർശം
ന്യൂഡൽഹി: കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഭരണപക്ഷത്തിന് തോൽവി സംഭവിച്ചെന്ന് തെറ്റായ പ്രസ്താവന നടത്തിയ മാർക്ക് സക്കർബർഗിനെതിരെ നടപടിക്ക് പാർലമെന്ററി സമിതി. സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തും. മെറ്റ മാപ്പുപറയണമെന്ന് ഐ.ടി പാർലമെന്ററി സമിതി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെ പറഞ്ഞു.
മെറ്റ പ്രതിനിധികളോട് ഈമാസം 20 നും 24 നും ഇടയിൽ ഹാജരാകാൻ ആവശ്യപ്പെടും. ക്ഷമാപണം നടത്തിയില്ലെങ്കിൽ സമിതി നിയമപരമായ നടപടികൾ ശുപാർശ ചെയ്യും.
ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിന് തുല്ല്യമാണ് സക്കർബർഗിന്റെ പ്രസ്‌താവന. ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, മൂന്നാം തവണയും ജനങ്ങൾ തിരഞ്ഞെടുത്ത രണ്ടാമത്തെ സർക്കാരാണ് ഭരിക്കുന്നത്. എന്നാൽ, എൻ.ഡി.എ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന് തെറ്റായ വിവരങ്ങൾ നൽകി ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്ത്യൻ പാർലമെന്റിനെ വെല്ലുവിളിക്കാൻ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നും ദുബെ പറഞ്ഞു.
കൊവിഡ് മഹാമാരി ലോകത്ത് പല സർക്കാരുകളുടെയും വിശ്വാസ്യത ഇല്ലാതാക്കിയെന്നും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമാണ് സക്കൻബർഗ് പറഞ്ഞത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായി അംഗീകരിച്ചപ്പോൾ സക്കർബർഗ് തെറ്റായ പരാമർശം നടത്തിയതിന് ന്യായീകരണമില്ല. കൊവിഡ് സമയത്ത് 800 ദശലക്ഷം ജനങ്ങൾക്ക് സൗജന്യ ഭക്ഷണവും 220 കോടി സൗജന്യ വാക്സിനുകളും നൽകിയ രാജ്യമാണ് ഇന്ത്യ.
-അശ്വനി വൈഷ്‌ണവ്,
കേന്ദ്ര മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |