കൊച്ചി: വയനാട് പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ് നിർമ്മാണത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതിനെതിരെ ഹാരിസൺസ് മലയാളം ലിമിറ്റഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.
ദുരന്തനിവാരണ നിയമ പ്രകാരം (2005) സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച സിംഗിൾബെഞ്ച് വിധി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമേ സ്വകാര്യ ഭൂമി ഏറ്റെടുക്കാനാകു എന്നാണ് ഹാരിസൺസിന്റെ വാദം.
ദുരന്തനിവാരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനും, ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നഷ്ടപരിഹാരം അനുവദിക്കാനുമായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. പുനരധിവാസത്തിനായി സ്വകാര്യഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയില്ലെന്നും താത്കാലികമായി ഏറ്റെടുക്കാൻ മാത്രമാണ് സർക്കാരിന് അധികാരമുള്ളതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെയാണ് അപ്പീലിൽ ചോദ്യം ചെയ്യുന്നത്. ഇതിന് പുറമെ കൽപ്പറ്റയിൽ എൽസ്റ്റോൺ ടീ എസ്റ്റേറ്റിന്റെ 78.73 ഹെക്ടറും ഏറ്റെടുക്കാൻ സിംഗിൾബെഞ്ച് അനുമതി നൽകിയിരുന്നു.
വിവിധ ജില്ലകളിലായുള്ള ഹാരിസൺസ് എസ്റ്റേറ്റുകൾ തിരിച്ചുപിടിക്കാൻ സർക്കാർ നൽകിയ സിവിൽ കേസുകൾ കോടതികളിൽ നിലവിലുണ്ട്. എസ്റ്റേറ്റുകൾ ഈ കേസുകളിൽ വിജയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക സർക്കാരിലേക്ക് റീഫണ്ട് ചെയ്യണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹാരിസൺസ് ഗ്രൂപ്പിന്റെ അപ്പീൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |