തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19 ഉച്ചയ്ക്ക് 2.30ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരുമെന്ന് പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു.
കഴിഞ്ഞ 12 ന് കൂടാൻ നിശ്ചയിക്കുകയും അവസാന നിമിഷം മാറ്റി വയ്ക്കുകയും ചെയ്ത രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചു ചേർക്കുന്നത് ഹൈക്കമാൻഡിന്റെ ഇടപെടൽ മൂലമാണെന്ന് അറിയുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്ത് എത്തുകയും രാഷ്ട്രീയകാര്യ സമിതി ചേരാത്തതിനാൽ അമർഷത്തോടെ മടങ്ങുകയും ചെയ്ത സംഭവം ദേശീയ നേതൃത്വം ഗൗരവമായാണ് എടുത്തിട്ടുള്ളത്. എ.ഐ.സി.സിയുടെ പുതിയ ആസ്ഥാനമന്ദിര ഉദ്ഘാടനത്തിന് കേരളത്തിൽ നിന്നുള്ള പ്രധാന നേതാക്കളെല്ലാം ഡൽഹിയിൽ എത്തിയിട്ടുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും ഹൈക്കമാന്റ് ആശയവിനിമയം നടത്തിയിരുന്നു. രാഷ്ട്രീയ കാര്യ സമിതി മാറ്റിവച്ചതിലെ അനൗചിത്യം അറിയിക്കുകയും ചെയ്തു. ഈ അതൃപ്തി മറികടക്കാനാണ് തിടുക്കത്തിൽ വീണ്ടും യോഗം വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |