കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ നിയമസഭയിൽ 150 കോടിയുടെ ആരോപണം ഉന്നയിച്ചത് താൻ പറഞ്ഞിട്ടാണെന്ന മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിന്റെ പരാമർശത്തിൽ വീണ്ടും വക്കീൽ നോട്ടീസയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. അൻവറിന് പി.ശശി അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്.
നേരത്തെ തനിക്കെതിരെ എ.ഡി.ജി.പി അജിത്കുമാറുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം അൻവറിന് ശശി വക്കീൽ നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളിൽ നടന്നു വരുന്നതിനിടെയാണ് വീണ്ടും വക്കീൽ നോട്ടീസ്.പി.ശശി എഴുതിക്കൊടുത്ത പ്രകാരമാണ് നിയമസഭയിൽ വി.ഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതിൽ സതീശനോട് മാപ്പ് പറയുന്നുവെന്നും എം.എൽ.എ സ്ഥാനം രാജി വച്ച ശേഷം അൻവർ നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ശശിയുടെ നിയമ നടപടി. പരാമർശത്തിൽ നിരുപാധികം മാപ്പ് പറയണമെന്നും പിൻവലിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |