ന്യൂഡൽഹി: കോൺഗ്രസിന്റെ ന്യൂഡൽഹി കോട്‌ല റോഡിൽ നിർമ്മിച്ച പുതിയ ആറുനില ആസ്ഥാന മന്ദിരം 'ഇന്ദിരാഭവൻ' ഇന്ന് രാവിലെ 10ന് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ പ്രവർത്തിക്കുന്ന അക്ബർ റോഡിലെ 24-ാം ആസ്ഥാനത്ത് നിന്നുള്ള പടിയിറക്കം കൂടിയാണിത്.
ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കു പുറമെ പ്രവർത്തക സമിതി അംഗങ്ങൾ, പി.സി.സി അദ്ധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, പാർട്ടി എം.പിമാർ, മുൻ കേന്ദ്രമന്ത്രിമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ, വകുപ്പുകളുടെയും സെല്ലുകളുടെയും മേധാവികൾ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. കോട്ല റോഡിലെ 9 എ വിലാസത്തിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2016ൽ തുടങ്ങിയതാണ്.
ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷി
കോൺഗ്രസിന് വൈകാരിക അടുപ്പമുള്ള, പാർട്ടിയുടെ ഉയർച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ച അക്ബർ റോഡിലെ മന്ദിരം 1978ലെ പിളർപ്പിന് ശേഷമാണ് ആസ്ഥാനമായത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘം ഓഫീസിൽ പ്രവർത്തനം തുടങ്ങിയതും ഒരു ജനുവരിയിൽ. അന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം.പിയായ ജി വെങ്കട്സ്വാമിക്ക് അനുവദിച്ച ബംഗ്ലാവായിരുന്നു. വൈസ്രോയി ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്വെൽ ഇവിടെ താമസിച്ചിട്ടുണ്ട്. മ്യാൻമാർഗ് നേതാവ് ഓങ് സാൻ സൂകിയുടെ അമ്മ ഖിൻ കിയി ഇന്ത്യയിലെ 1961ൽ അംബാസഡറായി നിയമിതയായപ്പോൾ താമസിച്ചിരുന്നതും ഇവിടെ. അന്ന്, കെട്ടിടം 'ബർമ്മ ഹൗസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. സുകി ഇവിടെയാണ് ചെറുപ്പകാലം ചെലവഴിച്ചത്.
1980ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയതിനും സോണിയ ഗാന്ധിയുടെ നേതൃത്വത്തിനും ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ ഭരണത്തിനും പിന്നീട് കനത്ത പരാജയങ്ങൾ ഏറ്റുവാങ്ങിയതിനുമെല്ലാം കെട്ടിടം സാക്ഷിയായി. ഇതിനോട് ചേർന്ന 10 ജൻപഥ് വസതി ആദ്യം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പിന്നീട് സോണിയാ ഗാന്ധിക്കും അനുവദിച്ചു. അതോടെ 10 ജൻപഥും 24 അക്ബർ റോഡും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി മാറുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |