മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ പുരുഷ സിംഗിൾസിൽ തായ് താരം കസിദിത് സാംരജിന്റെ കനത്ത് വെല്ലുവെളി മറികടന്ന് രണ്ടാം റൗണ്ടിലെത്തി കഴിഞ്ഞ വർഷത്തെ റണ്ണറപ്പും അഞ്ചാം സീഡുമായ ഡാനിൽ മെദ്‌വദേവ്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2,4-6,3-6,6-2,6-1നായിരുന്നു മെദ്‌വദേവിന്റെ വിജയം. ആദ്യ മൂന്ന് സെറ്റുകളിൽ രണ്ടും നഷ്ടപ്പെടുത്തിയ മെദ്‌വദേവ് ഇടയ്ക്ക് നിയന്ത്രണം വിട്ട് നെറ്റിൽ ഘടിപ്പിച്ചിരുന്ന ഗോ പ്രോ ക്യാമറ റാക്കറ്റിന് അടിച്ച നശിപ്പിക്കുകയും ചെയ്തു. മെദ്‌വദേവിന്റെ റാക്കറ്റും തകർന്നു. അവസാന രണ്ട് സെറ്റുകളിൽ അനുഭവ സമ്പത്തും ശാരീരികമായ മുൻതൂക്കവും കൈമുതലാക്കി മെദ്‌വദേവ് തകർപ്പൻ തിരിച്ചു വരവ് നടത്തി ആദ്യ റൗണ്ടിലേ പുറത്താകൽ എന്ന നാണക്കേട് ഒഴിവാക്കുകയായിരുന്നു.
വൈൽഡ് കാർഡ് എൻട്രിയിലൂടെ തന്റെ ആദ്യ ഗ്രാൻസ്ലാം പോരാട്ടത്തിനെത്തിയ 418-ാം റാങ്കുകാരനായ കസദിത്ത് മൂന്ന് തവണ ഓസ്ട്രേലിയൻ ഓപ്പൺ റണ്ണറപ്പും മുൻ യു.എസ് ഓപ്പൺ ചാമ്പ്യനുമായ മെദ്‌വദേവിന് വലിയ വെല്ലുവിളി ഉയർത്തിയ ശേഷമാണ് കീഴടങ്ങിയത്.ഗാലെ മോൺഫിൽസ് മറ്റൊരു ഫ്രഞ്ച് താരം പെരികാർഡിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6,6-3,4-6,6-7,6-4ന് കീഴടക്കി രണ്ടാം റൗണ്ടിലെത്തി. അതേസമയം മുൻചാമ്പ്യൻ സ്റ്റാൻ വാവ്‌റിങ്ക തുടർച്ചയായ മൂന്നാംതവണയും ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. സ്വിസ് സൂപ്പർ താരം ഇറ്റലിയുടെ ലോറൻസോ സൊനേഗയോടാണ് 4സെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റത്. സ്കോർ: 6-4, 5-7, 7-5, 7-5.
വനിതാ സിംഗിൾസിൽ എമ്മ റഡുകാനു,ഒൺസ് ജബിയൂർ, ജാസ്മിൻ പവോലിനി, മാഡിസൺ കീസ് എന്നിവരും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.
ബൊപ്പണ്ണ സഖ്യം പുറത്ത്
പുരുഷ ഡബിൾസിൽ മാത്യു എബ്‌ഡനൊപ്പം കഴിഞ്ഞ തവണ കിരീടം നേടിയ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ എന്നാൽ ഇത്തവണ പുത്തൻ കൂട്ടാളി കൊളംബിയക്കാരൻ നിക്കോളാസ് ബാരിയൻറ്റോസിനൊപ്പം ആദ്യ റൗണ്ടിൽ പുറത്തായി.സ്‌പാനിഷ് ജോഡി പെഡ്രോ മാർട്ടിനസ് -ജുമെ മൂനാർ സഖ്യമാണ് ആദ്യ റൗണ്ടിൽ ബൊപ്പണ്ണ- നിക്കോളാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്‌ത്തിയത്. സ്കോർ: 5-7.6-7.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |