പനജി: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡെംപോ എസ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്‌ത്തി ഗോകുലം സീസണിലെ തുടർച്ചയായ രണ്ടാം ജയം നേടി. പകരക്കാരനായെത്തിയ അഭിജിത്താണ് 86-ാം മിനിട്ടിൽ ഗോകുലത്തിന്റെ ജയമറപ്പിച്ച ഗോൾ നേടിയത്.
ഡെംപോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരുടെ ആക്രമണങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഏഴാം മിനുട്ടിൽ വലതുവിംഗിൽ നിന്ന് പ്രഥ്വേഷ് പെഡ്‌നേക്കറിന്റെ ക്രോസിൽ നിന്ന് ശുഭം റാവത്തിന്റെ ഗോൾശ്രമം ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.തുടർന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഗോകുലം തുടരാക്രമണങ്ങളുമായി ഡെംപോ ബോക്സലേക്ക് കുതിച്ചു. 11ാം മിനുട്ടിൽ അദാമ നിയാൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി.
24ാം മിനുട്ടിൽ ലഭിച്ച മികച്ച അവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ അദാമ നഷ്ടപ്പെടുത്തി. 44ാം മിനുട്ടിൽ ഡെംപോയുടെ ശുഭം റാവത്തിന്റെ ഒരു ഫ്രീകിക്ക് മികച്ച സേവിലൂടെ ഗോകുലം ഗോൾകീപ്പർ ഷിബിൻ രാജ് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും ഗോകുലം ആക്രമണം തുടർന്നെങ്കിലും ഡെംപോ വലയ്ക്കു മുന്നിൽ ഗോൾകീപ്പർ ആഷിഷ് സിബി ഉറച്ചു നിന്നതോടെ ഗോൾ അകന്നുനിന്നു. 86ാം മിനുട്ടിൽ ഗോകുലം കാത്തിരുന്ന ഗോളെത്തി. 84ാം മിനുട്ടിൽ പകരക്കാരാനായിറങ്ങിയ അഭിജിത് കുറുങ്ങോടൻ 2 മിനിട്ടിനുള്ളിൽ ഡെംപോ വലകുലുക്കി. നാച്ചോ അബെൽഡോ ഡെംപോ ബോക്സലേക്ക് ഹെഡ് ചെയ്തിട്ട പന്ത് കാലിലാക്കി മാർട്ടിൻ ചാവസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും ഡെംപോ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടിത്തെറിച്ചു. പന്ത് നേരെ അഭിജിതിന്റെ കാലലേക്ക്. ഡെംപോ പ്രതിരോധനിരയ്ക്കും ഗോൾ കീപ്പർക്കും ഒരവസരവും നൽകാതെയുള്ള അഭിജിതിന്റെ വലംകാലൻ ഷോട്ട് അനായാസം വലതുളച്ചു. ഗോൾ വഴങ്ങിയതോടെ സമനില ഗോളിനായി ഡെംപോ പൊരുതിയെങ്കിലും ഗോകുലം പ്രതിരോധനിര വിട്ടുകൊടുക്കാൻ തയ്യാറായില്ല.
ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയിൽ നാലാമതെത്തി.
എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഡെംപോ പോയിന്റ് ടേബിളിൽ ഏഴാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |