'അടിക്കേണ്ട അമ്മാവാ നന്നാവില്ല' എന്ന ചൊല്ല് അന്വർത്ഥമാക്കാൻ മത്സരിക്കുകയാണ് നമ്മുടെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ. നില അല്പമൊന്ന് മെച്ചപ്പെടുമെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ തുടങ്ങും ഉരുട്ടലും പിരട്ടലും മനം മടുപ്പും. ഈ അസ്ക്യത പ്രധാന നേതാക്കൾക്ക് മാത്രമല്ല, അങ്ങ് താഴേ ഘടകത്തിലുള്ളവരിലേക്കും ഇപ്പോൾ വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. 'തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും' മട്ടിലാണ് ചിലരുടെ പോര്. പണ്ട് ലീഡർ കെ. കരുണാകരനും എ.കെ. ആന്റണിയും രണ്ട് ഗ്രൂപ്പുകളുടെ തലപ്പത്തിരുന്നുകൊണ്ട് പരസ്പരം മത്സരിച്ചിട്ടുണ്ട്. കൊള്ളിക്കാവുന്ന സ്ഥലത്തൊക്കെ പരസ്പരം പാരകൾ കൊള്ളിച്ചിട്ടുമുണ്ട്. മിന്നൽപോരും നിശബ്ദപോരുമാണ് അന്ന് നടന്നിരുന്നത്. എന്നാൽ ഈ പോരെല്ലാം നടക്കുമ്പോഴും തങ്ങളുടെ പക്ഷത്തിന് ക്ഷീണം തട്ടാനോ പാർട്ടിക്ക് പൊതുവിൽ വൃദ്ധിക്കുറവുണ്ടാവാനോ രണ്ട് നേതാക്കളും അനുവദിച്ചിരുന്നില്ല. പാർട്ടിയുടെ ആരോഗ്യമായിരുന്നു പരമപ്രധാനം. എന്നാൽ ഈ രണ്ട് നേതാക്കളും സംസ്ഥാനത്ത് മുഖ്യധാരയിൽ നിന്ന് മാറുകയും മറ്റു പലരിലേക്കും കടിഞ്ഞാൺ മാറിമാറി എത്തുകയും ചെയ്തതോടെ പഴയ ശൈലിക്കും വ്യത്യാസം വന്നു. എങ്കിലും തിരഞ്ഞെടുപ്പും സ്ഥാനാർത്ഥി നിർണ്ണയവുമൊക്കെ ആവുമ്പോഴേക്കും എങ്ങും കാണാത്ത വിധത്തിൽ ഐക്യവും കെട്ടിപ്പിടുത്തവുമൊക്കെ വരികയും മൊത്തത്തിൽ സംഘടനയ്ക്ക് പോരാട്ട വീര്യം കൈവരികയും ചെയ്യുമായിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി 'ധ്രുവകുമാരന്മാ'രുടെ കൂടാരമായി മാറുകയാണോ സംസ്ഥാന കോൺഗ്രസ് എന്ന സംശയം ജനിപ്പിക്കും വിധമാണ് സമീപകാല സംഭവങ്ങൾ. കാരണം പ്രധാന നേതാക്കളെല്ലാം ഓരോ ധ്രുവങ്ങളായി മാറിയിരിക്കുന്നു.
സംഘടനാരംഗത്തെ ദൗർബ്ബല്യങ്ങൾ പരിഹരിച്ച് ഐക്യം ഊട്ടിയുറപ്പിക്കാനും ഭാവി പരിപാടികൾക്ക് രൂപം നൽകാനും അങ്ങ് വയനാട്ടിൽ കൊണ്ടുവച്ചാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നേതൃത്വത്തിന്റെ നിർദ്ദേശങ്ങളെല്ലാം ഓഹോ പറഞ്ഞ് സമ്മതിച്ച് ജയ് ഹിന്ദും വിളിച്ചാണ് നേതാക്കൾ ചുരമിറങ്ങിയത്. പക്ഷെ ചില വാലുകൾ എത്രനാൾ കുഴലിലിട്ടാലും കുഴൽ വളയുന്നതല്ലാതെ വാൽ നിവരില്ലല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നു, യു.ഡി.എഫിന്റെ ശേഷി കൊണ്ടോ, എൽ.ഡി.എഫിന്റെ കൈയ്യിലിരുപ്പു കൊണ്ടോ, ഒന്നൊഴികെ എല്ലാ സീറ്റിലും ജയിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. പിണറായി തമ്പുരാനും അപ്പക്കച്ചവട വിദഗ്ദ്ധൻ ഗോവിന്ദൻ മാസ്റ്ററുമൊക്കെ കൂടിയിരുന്ന് അറിയാവുന്ന ഗണിതശാസ്ത്രമൊക്കെ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനവും ചെയ്തു.'ഇടതുപക്ഷത്തിന് ജനപിന്തുണയും വോട്ടും വല്ലാതെ കൂടിയിട്ടുണ്ട്, പക്ഷെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അശാസ്ത്രീയ അന്തർധാര കാരണം തോറ്റുപോയി'. തൊട്ടു പിന്നാലെയായിരുന്നു പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ. അവിടെയും നില മെച്ചപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞു, കയ്യിലുള്ളത് കക്ഷത്തിൽ നിന്ന് പോവാതെ എൽഡി.എഫും രക്ഷപ്പെട്ടു. ഇവിടെയും അപ്പക്കച്ചവട വിദഗ്ദ്ധന്റെ പ്രത്യയശാസ്ത്രപരമായ അവലോകനവും തോറ്റുകൊണ്ട് ജയിച്ചതിന്റെ സാങ്കേതിക വവിരണവുമൊക്കെ ഉണ്ടായി. ഇനി തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്.
ഈ രാഷ്ട്രീയ പ്രക്രിയകളൊക്കെ നടക്കുന്നതിനിടയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കളരിഗുരുക്കൾ സുധാകരനും ഏക പ്രതിപക്ഷ നേതാവിൽ പ്രഥമനും പ്രധാനിയുമായ ചട്ടപ്പടി സതീശ് പണ്ഡിറ്റും തമ്മിലുള്ള വല്യേട്ടൻ കൊച്ചേട്ടൻ പോരിന് കനം വയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, കെ.പി.സി.സി വാലിൽ തീയും പറ്റിച്ചുകൊണ്ട് നടത്തിയ സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് സതീശ് പണ്ഡിറ്രിനെതിരെ, സുധാകരഗുരുക്കൾ, പച്ചമലയാളത്തിൽ നടത്തിയ വിശേഷണം കുരുത്തം കെട്ട ഏതോ ചാനലുകാരന്റെ ക്യാമറ പിടിച്ചെടുക്കുകയും അത് വിവാദമാവുകയും ചെയ്തത്. അവിടെ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സ്നേഹപ്പാര. കെ.പി.സി.സിയുടെ അദ്ധ്യക്ഷ കസേരയിൽ പതുങ്ങിയിരിക്കാൻ തന്നേക്കാൾ ശേഷിയോ ശേമൂഷിയോ തൻപോരിമയോ തറവാടത്തമോ ഒക്കെയുള്ള മറ്റൊരു ശുദ്ധഗാന്ധിയൻ ഇല്ലെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പെടാപ്പാട് പെടുകയും ചെയ്യുകയാണ് കളരിഗുരക്കൾ. ചാനൽ ക്യാമറകൾക്ക് മുന്നിൽ ചതുരവടിവിൽ ചറപറകൾ പറഞ്ഞ് ഗിന്നസ് റെക്കാഡിലേക്ക് നീങ്ങുന്ന പണ്ഡിറ്റാവട്ടെ, ഇത്രയും ലക്ഷണമൊത്ത ഒരു പ്രതിപക്ഷ നേതാവിനെ കേരള നിയമസഭ കണ്ടിട്ടേയില്ലെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ പരക്കം പായുകയാണ്. പിണറായി തമ്പുരാൻ ഒന്നിറങ്ങിയിട്ടു വേണം തനിക്ക് ആ കസേരയിൽ ഒന്നു ചാടിക്കയറി ഇരിക്കാൻ എന്ന നിസ്വാർത്ഥ മോഹവുമായി ജപമാലയും കയ്യിലേന്തി ഭിക്ഷാംദേഹിയെ പോലെ നഗ്നപാദനായി അലയുകയാണ് നമ്മുടെ ചെന്നിത്തല ഗാന്ധി. അഭ്യാസങ്ങൾ നടക്കുന്ന സർക്കസ് കൂടാരത്തിൽ നിശ്ചിത ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പച്ചവേഷക്കാരെ പോലെ ഒരു കോട്ടയം ഗാന്ധിയും മാളഗാന്ധിയും ദൂരെ മാറി നിന്ന് ചെന്നിത്തല ഗാന്ധിയെ കൊഞ്ഞണംകുത്തുകയും ചെയ്തു. എന്നിട്ടും എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങി നഗ്നപാദർ യാത്ര തുടരുകയാണ്.
ഈ ഘട്ടത്തിലാണ് പാർട്ടിയെ ഒന്നുകൂടി ശക്തമാക്കാൻ രാഷ്ട്രീയകാര്യ സമിതി വിളിക്കാനുള്ള ഉൾവിളിയുണ്ടാവുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ശുഭമുഹൂർത്തവും നിശ്ചയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ കെ.പി.സി.സിയെ നന്നാക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച പ്രത്യേക ചുമതലക്കാരിയായ നേതാവ് കാലേകൂട്ടി എത്തി. രാഹുൽ ഗാന്ധിയെ എപ്പോഴും നേർവഴിക്ക് നയിച്ചുകൊണ്ടിരിക്കുന്ന വേണുനാദമുള്ള ഹൈക്കമാൻഡ് ഗാന്ധിയും തലസ്ഥാനത്തെത്തി. പക്ഷെ അപ്പോഴാണ് അറിയുന്നത് മലബാർ മേഖലയിൽ ലീഗിന് വഴിതെളിക്കാനുള്ള ചില പരിപാടികളിൽ പണ്ഡിറ്റ്ജിക്ക് പോകണമെന്ന്. കളരിഗുരുക്കളോടുള്ള നീരസമാണ് പണ്ഡിറ്റ്ജിയുടെ പിന്മാറ്റത്തിന് കാരണമെന്ന് ചില ദോഷൈകദൃക്കുകൾ പ്രചരണവുമായി രംഗത്തിറങ്ങി. അതോടെ വാളില്ലാതെ ഉറയുന്ന വെളിച്ചപ്പാടിനെപ്പോലെ വേണുനാദ ഗാന്ധി കോപം കൊണ്ടു. മൂക്ക് ചീറ്റിക്കൊണ്ട് ഡൽഹിക്ക് വച്ചുപിടിച്ചു. ഏതായാലും രാഷ്ട്രീയകാര്യ സമിതി സ്വാഹ. ഇവിടത്തെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് അറിയിക്കേണ്ടവർ ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. അതോടെ ഹൈക്കമാൻഡ് ഒരിക്കലുമില്ലാത്ത വിധം കണ്ണുരുട്ടി. അത് ഫലവും കണ്ടു. വീണ്ടും വിളിച്ചിരിക്കുകയാണ് അടിച്ചുപിരിയാൻ ഒരു രാഷ്ട്രീയ കാര്യസമിതി.
ഇതു കൂടി കേൾക്കണേ
കിട്ടുന്ന അവസരങ്ങൾ വേണ്ടപോലെ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ അതോർത്ത് ദുഃഖിച്ചിട്ട് കാര്യവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |