യോഗേഷ് ഗുപ്‌ത ഐ.പി.എസ്
ഡി.ജി.പി, വിജിലൻസ്
അഴിമതി രഹിത കേരളമെന്ന നയം പ്രഖ്യാപിച്ച്, അഴിമതിക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടും സർക്കാർ വകുപ്പുകളിലും പൊതുരംഗത്തും അഴിമതിയും കൈക്കൂലിയും പെരുകുകയാണ്. കോഴക്കളി തടയാൻ ഓൺലൈൻ സേവനത്തിന് സംവിധാനമൊരുക്കിയിട്ടും അതെല്ലാം അട്ടിമറിച്ച് ഉദ്യോഗസ്ഥർ അഴിമതിക്ക് കളമൊരുക്കുന്നു. കൈക്കൂലി വാങ്ങാൻ ഡോക്ടറേറ്റ് നേടിയ ചിലർ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനു തന്നെ പരസ്യമായി പറയേണ്ടി വന്നു. അർഹമായ സേവനങ്ങൾക്കു പോലും ജനം കൈക്കൂലി കൊടുക്കേണ്ട സ്ഥിതി തുടരുകയാണ്. മിന്നൽ പരിശോധനകളും കെണി ഓപ്പറേഷനുകളുമായി വിജിലൻസ് ശക്തമായി രംഗത്തുണ്ടെങ്കിലും അഴിമതിക്കു കുറവില്ല. വിജിലൻസ് മേധാവി, ഡി.ജി.പി യോഗേഷ് ഗുപ്‌ത 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
?അഴിമതി കുറയ്ക്കാൻ ശ്രമം തുടരുമ്പോഴും അത് കൂടുകയാണല്ലോ.
വകുപ്പുകളിലെ അഴിമതി തടയാൻ ശക്തമായ നടപടികളുണ്ടാവും. കൂടുതൽ അഴിമതിയുള്ള റവന്യൂ, മോട്ടോർ വാഹന, എക്സൈസ് വകുപ്പുകളിൽ നിരന്തരം പരിശോധനയുണ്ട്. ഭൂമി തരംമാറ്റത്തിന് ലക്ഷങ്ങൾ കോഴയാവശ്യപ്പെടുന്ന വില്ലേജ് ഓഫീസർമാരുണ്ട്. അഴിമതി വൻതോതിൽ കൂടുകയാണ്. റവന്യൂവിലാണ് ഏറ്റവും അധികം. ഉദ്യോഗസ്ഥർ കൈക്കൂലിയിലൂടെ ആർജ്ജിച്ച സ്വത്തുക്കൾ കണ്ടുകെട്ടും. വഴിവിട്ട് നികുതിയിളവ് നൽകിയാലും തട്ടിപ്പുകൾക്ക് കൂട്ടുനിന്നാലും ഇത്തരം നടപടിയുണ്ടാവും. ഇതിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റുമായും (ഇ.ഡി) സഹകരിക്കും.
? റെയ്ഡുകളും ട്രാപ്പ് ഓപ്പറേഷനുകളും കൂട്ടുമോ.
കഴിഞ്ഞ വർഷം 930 മിന്നൽ പരിശോധനകളാണ് നടത്തിയത്. കൈക്കൂലി വാങ്ങുന്നതിനിടെ 34 ട്രാപ്പുകളിലായി 39 സർക്കാരുദ്യോഗസ്ഥരും, രണ്ട് കേന്ദ്ര ഉദ്യോഗസ്ഥരും, മൂന്ന് ഏജന്റുമാരും അടക്കം 44 പേരെ അറസ്റ്റ് ചെയ്തു. (റവന്യൂ-20, തദ്ദേശം-10, ആരോഗ്യം, രജിസ്ട്രേഷൻ- 2 വീതം, മോട്ടോർ വാഹനം, വാട്ടർ അതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, പൊലീസ്, വൈദ്യുതി, കൃഷി- ഒന്നു വീതം) കൈക്കൂലിയിനത്തിൽ 7,43,800 രൂപ പിടിച്ചെടുത്തു. ക്രമക്കേടുകൾക്ക് 7,83,68,238 രൂപ പിഴചുമത്തി. 120 വിജിലൻസ് കേസുകളും 81 വിജിലൻസ് അന്വേഷണങ്ങളും 326 പ്രാഥമിക അന്വേഷണങ്ങളും 28 രഹസ്യാന്വേഷണങ്ങളും നടത്തി. ഗൂഗിൾപേ അടക്കം ഡിജിറ്റൽ ഇടപാടുകളിലൂടെയുള്ള കൈക്കൂലിയും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ കൈക്കൂലി നിക്ഷേപിച്ചതും പിടികൂടി.
?വിജിലൻസ് നടപടികൾ കാലോചിതമായി പരിഷ്കരിക്കേണ്ടതല്ലേ.
കോഴ ഇടപാടുകൾ ഡിജിറ്റലായതോടെ വിജിലൻസ് അന്വേഷണവും നടപടികളും ഡിജിറ്റലും പ്രൊഫഷണലും ആക്കിയിട്ടുണ്ട്. അനധികൃത സ്വത്തുക്കൾ, ബാങ്ക് ക്രമക്കേടുകൾ എന്നിവ കണ്ടെത്താൻ ഞാൻ തന്നെ ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്തു. മുൻപ് ഇന്റർപോളിലും സി.ബി.ഐയിലും ഇത്തരം ക്ലാസെടുത്തിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുന്നത്, ബാങ്ക് അക്കൗണ്ടുകളുടെ വിശകലനം, ബാലൻസ് ഷീറ്റ് പരിശോധിക്കുന്നത് എന്നിവയെല്ലാം പ്രൊഫഷണൽ രീതിയിലാവണം.
? റെയ്ഡും നിരീക്ഷണവുമൊക്കെ അഴിമതിക്കാർ പരാജയപ്പെടുത്തുന്നുണ്ടോ.
അഴിമതിക്കാരുടെ വിവരങ്ങൾ അറിയുകയാണ് പ്രധാനം. ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. കൈക്കൂലിക്കാരുടെ വിവരങ്ങൾ അറിയിക്കാൻ വിജിലൻസിന് പോർട്ടലുണ്ട്. ഇ- മെയിൽ, ഫോൺ, വാട്സ്ആപ് വഴി പരാതിപ്പെടാം, വിവരങ്ങൾ അറിയിക്കാം. 90 ശതമാനവും ഊമ പരാതികളാണ്. കഴമ്പുള്ളവ ഉറപ്പായും പരിശോധിക്കും. മൈനിംഗ് വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചാണ് പരാതികളേറെ. അഴിമതിക്കാരെ കെണിവച്ച് പിടിക്കുന്ന ട്രാപ്പ് ഓപ്പറേഷനിലും ജനങ്ങളുടെ സഹകരണം വേണം. സഹായിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.
? അഴിമതിക്കാർക്കെതിരെയുള്ള നടപടികൾ...
എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഫീസഴേസ് ഒഫ് ഡൗട്ട്ഫുൾ ഇന്റഗ്രിറ്റി (ഒ.ഡി.ഐ) എന്ന ലിസ്റ്റുണ്ടാക്കും. ഇവരുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിക്കും. ബാങ്കിടപാടുകൾ അടക്കം നിരീക്ഷണത്തിലാക്കും. ഇന്റേണൽ വിജിലൻസ് എല്ലാ വകുപ്പുകളിലും രൂപീകരിക്കും. അഴിമതിക്കാരുടെ വിവരശേഖരണത്തിന് പ്രത്യേക സംവിധാനമൊരുക്കും. കസ്റ്റംസ്, എക്സൈസ്, ബാങ്കുകൾ തുടങ്ങി കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കും.
? സർക്കാരിൽ നിന്ന് കാര്യമായ പിന്തുണയില്ലേ.
മുഖ്യമന്ത്രിയിൽ നിന്നും സർക്കാരിൽ നിന്നും നല്ല പിന്തുണയാണ്. മെരിറ്റിൽ മാത്രം ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഒരു കേസിലും ഇടപെടില്ല. അന്വേഷണം എങ്ങനെയാവണമെന്ന് നിർദ്ദേശിക്കാറില്ല. പരിപൂർണ പ്രവർത്തന സ്വാതന്ത്ര്യമാണ്.
? കേസുകളിലെ അന്വേഷണവും കുറ്റപത്രവും ഇഴഞ്ഞുനീങ്ങുകയല്ലേ.
കേസ് രജിസ്ട്രേഷനായിരുന്നു ഇതുവരെ പ്രാധാന്യം. തീർപ്പാക്കലിന് പ്രാധാന്യം കുറവായിരുന്നു. അതു മാറി. അഞ്ചു മാസത്തിനകം 800 കേസ് തീർപ്പാക്കി. ഇതൊരു റെക്കാർഡാണ്. അന്വേഷണത്തിനും കുറ്റപത്രത്തിനും സമയപരിധി നിശ്ചയിച്ചു. എല്ലാ മാസവും പുരോഗതി അവലോകനം ചെയ്യും. 20 ഐ.എ.എസ് ഓഫീസർമാർക്കെതിരെ ചെറിയ ആരോപണങ്ങളിലും പരാതികളിലും പതിനഞ്ച് വർഷം വരെയായുള്ള അന്വേഷണമുണ്ടായിരുന്നു. മിക്കതും അവർക്കുപോലും അറിയുമായിരുന്നില്ല. അതെല്ലാം ക്ലിയർ ചെയ്തു. ഉദ്യോഗസ്ഥരെ നിസാര ആരോപണങ്ങളുടെ പേരിൽ കുരുക്കില്ല. കുറ്റക്കാരെ വെറുതെ വിടുകയുമില്ല.
? ചെറിയ അഴിമതി മാത്രം പിടിച്ചാൽ മതിയോ.
വലിയ അഴിമതി നടത്തുന്ന വമ്പന്മാരിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു രൂപയുടെയും ഒരു കോടിയുടെയും തട്ടിപ്പ് ഒരുപോലെയല്ല. നിയമപ്രകാരവും വ്യത്യാസമുണ്ട്. കോടികളുടെ തട്ടിപ്പുകളിൽ ശക്തമായ നടപടികളുണ്ടാവും. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ 100 കോടിയിലേറെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൈനിംഗ്, മോട്ടോർവാഹനം, ജി.എസ്.ടി വകുപ്പുകളിലെ ക്രമക്കേടുകളിൽ ഒരുദിവസം ഏഴു കോടി രൂപയുടെ പിഴ ഈടാക്കി. ക്രമക്കേടുകൾ ഒഴിവാക്കിയാൽ മൈനിംഗ് വകുപ്പിൽ നിന്നു മാത്രം സർക്കാരിന് പ്രതിവർഷം 500 കോടി അധിക വരുമാനമുണ്ടാവും!
? കേന്ദ്ര ഏജൻസികളുമായി സഹകരിക്കുന്നുണ്ടോ.
വലിയ തട്ടിപ്പു കേസുകളിൽ ഇ.ഡിയുമായി വിജിലൻസ് സഹകരിക്കും. കോർപറേറ്റ് തട്ടിപ്പുകൾ കണ്ടെത്താനും പുതിയ സംവിധാനം വരും. കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കോർപറേറ്റ് ഡേറ്റാ മാനേജ്മെന്റ് സംവിധാനത്തിലേക്ക് വിജിലൻസിന് അക്സസ് ലഭിച്ചിട്ടുണ്ട്. കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറിയുമായി കഴിഞ്ഞയാഴ്ച നടത്തിയ ചർച്ചയുടെ ഫലമാണിത്. ഒരാളുടെ പേരിൽ എത്ര കമ്പനിയുണ്ടെന്നും എന്തൊക്കെ പണമിടപാടുകൾ നടത്തിയെന്നും പഴയ വിവരങ്ങളടക്കം ലഭിക്കും. ആറുമാസമെടുത്ത് ചെയ്യേണ്ട ജോലികൾ രണ്ടു ദിവസംകൊണ്ട് തീർക്കാം. കേരളത്തിനു മാത്രമാണ് ഈ അനുമതി.
? വിജിലൻസിൽ അംഗബലം കുറവുണ്ടോ.
അഴിമതിയുടെ തോത് കൂടുന്നതനുസരിച്ചുള്ള അംഗബലമില്ല. നിലവിലെ നാല് റേഞ്ചുകൾ ആറെണ്ണമാക്കണം. ഇടുക്കിയിലടക്കം പരിശോധനകൾക്കു പോകാൻ കൂടുതൽ വാഹനങ്ങൾ വേണം. ഫീൽഡ് യൂണിറ്റുകൾക്ക് മൊബിലിറ്രി സൗകര്യം കൂട്ടണം. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വിജിലൻസിന്റെ 1064 (ടോൾഫ്രീ), 85929 00900 (ഫോൺ), 94477 89100 (വാട്സ്ആപ്പ്) എന്നീ നമ്പറുകളിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |