പാലക്കാട്: കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന വർണ വിസ്മയ കാഴ്ചകളൊരുക്കി മലമ്പുഴ ഉദ്യാനം. വ്യത്യസ്ഥ ഇനത്തിൽപ്പെട്ട സ്വദേശിയും വിദേശിയുമായ മുപ്പതിലധികം പൂക്കളുടെ ശേഖരമൊരുക്കിയാണ് ഉദ്യാനം സഞ്ചാരികളെ കാത്തിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജലസേചന വകുപ്പും സംയുക്തമായി നടത്തുന്ന പുഷ്പമേള ഇന്ന് തുടങ്ങും. സീനിയ, വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, റോസുകൾ, ഡെലീഷ്യ, കോസ്‌മോസ്, ഡാലിയ, സാൽവിയ, വാടാമല്ലി, ജമന്തി, ചെണ്ടുമല്ലി, സൂര്യകാന്തി, മേരിഗോൾഡ്, ഗോഫ്രീന, സാൽവിയ, പെറ്റൂണിയ, വിങ്ക തുടങ്ങി മുപ്പതിലേറെ ഇനങ്ങളിൽ ഒന്നരലക്ഷത്തിന്റെ പൂക്കളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ഉദ്യാനത്തിൽ നട്ടുവളർത്തിയ ഓർക്കിഡ്, നാടൻ പൂക്കൾ എന്നിവയും പ്രദർശനത്തിനുണ്ട്. തൈകൾ വളർത്തുന്നതിനും പൂക്കൾ പരിചരിക്കുന്നതിനും പൂന്തോട്ടം മുഴുവൻ വൃത്തിയാക്കുന്നതിനുമുള്ള ജോലികൾ മൂന്ന് മാസം മുമ്പ് തന്നെ ആരംഭിച്ചിരിന്നു. മുന്നൂറോളം വരുന്ന തൊഴിലാളികളാണ് പൂക്ക* പരിപാലിക്കുന്നത്. 12 നഴ്സറി സ്റ്റാളുകളും 19 ഭക്ഷണ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രദർശന സമയം. മേള 22 ന് സമാപിക്കും.
ഗതാഗതക്കുരുക്കിനും പരിഹാരമായി
മുൻ കാലങ്ങളിലനുഭവപ്പെട്ട വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി നിലവിലുള്ള പാർക്കിംഗ് ഏരിയ കൂടാതെ ഐ.ടി ഏരിയയിൽ കൂടി ഇത്തവണ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസുമുണ്ടായിരിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി എസ്.വി.സിൽബർട്ട് ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |