വാഷിംഗ്ടൺ: ലോസ് ആഞ്ചലസിനെ കാട്ടുതീ വിഴുങ്ങിത്തുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനായെങ്കിലും ശക്തമായ വരണ്ട കാറ്റ് തുടരുമെന്ന മുന്നറിയിപ്പ് ഭീതി സൃഷ്ടിക്കുകയാണ്. മണിക്കൂറിൽ 113 കിലോമീറ്റർ വരെയുള്ള കാറ്റുണ്ടാകുമെന്നാണ് പ്രവചനം. ഇത് കൂടുതൽ പ്രദേശങ്ങളിൽ തീ പടരാൻ ഇടയാക്കും. രണ്ട് ദിവസത്തിനിടെ കുറ്റിക്കാടുകളിലും നദീ തടങ്ങളിലും പുതിയ തീപിടിത്തങ്ങൾ രൂപപ്പെട്ടെങ്കിലും അഗ്നിരക്ഷാ സേനയുടെ കഠിനശ്രമത്തിന്റെ ഫലമായി ഗുരുതര സാഹചര്യം ഒഴിവാക്കാനായി.
അതിനിടെ തീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 25 ആയതായി അധികൃതർ അറിയിച്ചു. കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടടങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങിയതോടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കും.
കഴിഞ്ഞ ചൊവ്വാഴ്ച പസഫിക് പാലിസേഡ്സിൽ പടർന്ന തീ രൂക്ഷമായി തുടരുകയാണ്. 18 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമാക്കിയത്. പസഫിക് പാലിസേഡ്സിലും സമീപത്തെ മാലിബുവിലുമുള്ള ഡസൻ കണക്കിന് ഹോളിവുഡ് സെലിബ്രിറ്റികളുടെ ആഡംബര വീടുകൾ കത്തിക്കരിഞ്ഞിരുന്നു. മെൽ ഗിബ്സൺ, ആന്റണി ഹോപ്കിൻസ്, പാരീസ് ഹിൽട്ടൺ തുടങ്ങിയ താരങ്ങളുടെ വസതികളും ഇക്കൂട്ടത്തിൽപ്പെടുന്നു.ആൾട്ടഡീന, പാസഡീന മേഖലകളിൽ തുടരുന്ന ഈറ്റൺ കാട്ടുതീ 35 ശതമാനം നിയന്ത്രണവിധേയമാക്കി. സിൽമർ മേഖലയിലെ ഹർസ്റ്റ് കാട്ടുതീ 97 ശതമാനം നിയന്ത്രണത്തിലായി. ഇതുവരെ 25,000 കോടി - 27,500 കോടി ഡോളറിന്റെ നാശംനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.
മരിച്ചവരിൽ നടിയും
കൊല്ലപ്പെട്ടവരിൽ പഴയകാല നടി ഡാലിസ് കറിയും (95). ദ ബ്ലൂസ് ബ്രദേഴ്സ്, ലേഡി സിംഗ്സ് ദ ബ്ലൂസ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനായ മുൻ ബാലതാരം റോറി കാല്ലം സൈക്ക്‌സും (32) തീയിൽപ്പെട്ട് മരിച്ചു.
നശിച്ചത് 40,560 ഏക്കർ
കത്തിനശിച്ചത് - 40,560 ഏക്കർ
ഒഴിപ്പിക്കപ്പെട്ടവർ - 2,05,000
നശിച്ച കെട്ടിടങ്ങൾ -12,400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |