കൊച്ചി: കാലടിയിലെ വി.കെ.ഡി പച്ചക്കറി കടയിൽ നിന്ന് കളക്ഷൻ തുകയുമായി പോയ കാഷ്യറെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ പ്രതികൾ നടത്തിയത് ആസൂത്രിതമായ കവർച്ച. കടയുടെ പ്രധാന ഓഫീസിൽ നിന്ന് കളക്ഷൻ തുകയുമായി സ്കൂട്ടറിൽ കാഷ്യർ ഡേവിസ് പോകന്ന വഴി സ്കെച്ച് ചെയ്ത സംഘം പദ്ധതി ആസൂത്രിതമായി നടപ്പാക്കാൻ മൂന്നു തവണ ട്രയൽ റൺ നടത്തിയെന്ന് വിവരം. കാഷ്യർ ഡേവിസ് പോകുന്ന വഴികളിലൂടെ സഞ്ചരിച്ചും വണ്ടി നമ്പറും ആളെയും സ്കെച്ച് ചെയ്ത് പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെടാനുള്ള വഴികളും കണ്ടെത്തിയിരുന്നു. ഡിസംബർ 27 ന് വൈകിട്ട് 5.15ന് മോട്ടോർസൈക്കിളിൽ വന്ന വിഷ്ണു പ്രസാദ്, അനീസ് എന്നിവർ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിട്ടു. താഴെ വീണ ഡേവിസിന്റെ മുഖത്ത് പെപ്പർ സ്പ്രെ അടിച്ച് വയറ്റിൽ കത്തിക്ക് കുത്തി വീഴ്ത്തി സ്കൂട്ടറിന്റെ സീറ്റിനടിയിലെ ബോക്സിലുണ്ടായിരുന്ന പണം കവർച്ച ചെയ്ത് കടന്നു.
കവർച്ച ചെയ്ത പണം എട്ട് ലക്ഷം രൂപ വീതം അനീസും വിഷ്ണുവും പങ്കിട്ടെടുത്തു. ആറ് ലക്ഷം ഗൂഡാലോചന നടത്തിയവർക്ക് കൈമാറി. പ്രതികൾ സഞ്ചരിച്ച യമഹ ആർ 15 ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വി.കെ.ഡി കമ്പനിയിലെ മുഴുവൻ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം നടത്തി. മുഖത്തടിച്ച പെപ്പർ സ്പ്രെയുടെ ഉറവിടം കണ്ടെത്തിയാണ് പ്രതികളിലേക്കെത്തിയത്.
ആഡംബര ജീവിതത്തിന് കവർച്ച ചെയ്ത പണം പങ്കുവെച്ചതിന് ശേഷം വിഷ്ണുവും അനിസും രണ്ട് വഴികളിലായി രക്ഷപ്പെട്ടു. വിഷ്ണു, മൈസൂർ.ഗോവ. ഡൽഹി ഹരിദ്വാർ, വാരണാസി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം പഴനിയിൽ വന്ന് ഒളിവിൽ താമസിക്കുന്നതിനിടെ പിടിയിലായി. രണ്ടാംപ്രതി അനിസിനെ വയനാട്ടിൽ നിന്ന് പിടികൂടി.
ഗൂഢാലോചന ജയിലിൽ
കേസിലെ മൂന്നാം പ്രതി അനിൽകുമാറാണ് കേസിന്റെ മുഖ്യ ആസൂത്രകൻ. വി.കെ.ഡിയിലെ ഡ്രൈവറായിരുന്ന ഇയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ വരന്തരപ്പിള്ളി സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ അറസ്റ്റിലായി ഇരിങ്ങാലക്കുട സബ് ജയിലിലായിരുന്നു. ഈ സമയത്ത് മറ്റുപ്രതികൾ വിവിധ കേസുകളിൽ പെട്ട് ജയിലിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഗൂഢാലോചന. സ്കൂട്ടറിൽ 50 ലക്ഷം രൂപയുണ്ടാകുമെന്നാണ് അനിൽകുമാർ പറഞ്ഞത്. പണം നഷ്ടപ്പെട്ട വിവരം പൊലീസിൽ അറിയിക്കില്ലെന്നായിരുന്നു പ്രതികളുടെ നിഗമനം.
1-ാം പ്രതി ബോംബ് വിഷ്ണു - മതിലകം സ്റ്റേഷൻ റൗഡി ലിസ്റ്റിൽ. വധശ്രമത്തിന് നാലും ബോംബ് കൈവശം വച്ചതിന് ഒരു കേസും, മറ്റ് കേസുകളിലും പേര്.
2-ാം പ്രതി ബെല്ലാരി അനീസ്- കൈപ്പമംഗലം സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ. മോഷണത്തിനും കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടുപോയതിനും ആയുധം കൈവശം വച്ചതിനും വധശ്രമത്തിനും കേസുകൾ
3-ാം പ്രതി അനിൽകുമാർ - സ്പിരിറ്റ് കടത്ത് കേസും പോക്സോ കേസും
4-ാം പ്രതി സഞ്ജു - വധശ്രമത്തിന് കേസ്
അന്വേഷണ സംഘം
ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, സബ് ഇൻസ്പെക്ടർമാരായ ജോസി എം. ജോൺസൺ, വി.എസ്. ഷിജു, റെജിമോൻ, ഒ.എ. ഉണ്ണി, എ എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.എസ്. രാജി, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ഷിജോ പോൾ, മനോജ് കുമാർ, ബെന്നി ഐസക്ക്, കെ.ആർ. രാഹുൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |