ഓഹരി ബന്ധിത സേവിംഗ്സ് സ്കീം ഫണ്ടുകളുടെയത്ര വഴക്കമില്ലെങ്കിലും യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷ്വറൻസ് പദ്ധതികൾ(യൂലിപ്പ്) നികുതി ലാഭിക്കാൻ മികച്ച മാർഗമാണ്. ഓഹരി, ഓഹരിയധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തിയതും ഓഹരി ഇതര ഫണ്ടുകളുടെ ഇൻഡക്‌സേഷൻ ആനുകൂല്യങ്ങൾ ഒഴിവാക്കിയതുമാണ് യൂലിപ്പുകളെ ആകർഷകമാക്കുന്നത്. വാർഷിക പ്രീമിയത്തിന്റെ പത്തിരട്ടി ലൈഫ് കവറോ, 2021 ഫെബ്രുവരി ഒന്നിന് ശേഷം വാങ്ങിയ യൂലിപ്പുകളുടെ മൊത്തം പ്രീമിയം പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെയോ ആണെങ്കിൽ സെക്ഷൻ10(10ഡി) അനുസരിച്ച് യൂലിപ്പുകളിൽ നിന്നുള്ള വരുമാനം പൂർണമായും നികുതി ഇളവിന് അർഹമാണ്. കുറഞ്ഞ ചെലവിൽ നിക്ഷേപം നടത്താവുന്ന തരത്തിലാണ് ഇൻഷ്വറൻസ് കമ്പനികൾ നിലവിൽ യൂലിപ്പ് പദ്ധതികൾ പുറത്തിറക്കുന്നത്. നാഷണൽ പെൻഷൻ സ്കീമുകളിൽ നിന്ന് വിഭിന്നമായി കാലാവധി കഴിയും മുൻപ് യൂലിപ്പുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഓഹരി, കടപ്പത്രങ്ങൾ, മറ്റ് നിക്ഷേപ ആസ്തികൾ എന്നിവകളിൽ പണം മുടക്കാൻ യൂലിപ്പുകളിലൂടെ കഴിയും. ഒരു മേഖലയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ നികുതി നൽകേണ്ടതില്ലയെന്നതാണ് മറ്റൊരു നേട്ടം.
ദീർഘകാലത്തേക്ക് നിക്ഷേപ പ്രതിബന്ധത വേണമെന്നതും കാലാവധി തീരുന്നതു വരെ പ്രീമിയം അടക്കേണ്ടി വരുന്നതുമാണ് യൂലിപ്പുകളുടെ പ്രധാന ന്യൂനത. ഇടയ്ക്ക് പോളിസി ക്ളോസ് ചെയ്താൽ നഷ്‌ടമുണ്ടാകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |