കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളിൽ വിവിധ മേഖലകളിലായി 20 ശതമാനം വർദ്ധനയുണ്ടായെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) വ്യക്തമാക്കി. സംസ്ഥാനത്തെ വ്യാവസായിക മേഖലയിൽ ദൃശ്യമാകുന്ന ഉണർവും നവീന ആശയങ്ങൾ നടപ്പാക്കാനുള്ള പുതു സംരംഭകരുടെ താത്പര്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സി.ഐ.ഐ കേരള റീജിയൺ ചെയർമാൻ വിനോദ് മഞ്ജില പറഞ്ഞു. സ്റ്റാർട്ടപ്പ് റാങ്കിംഗിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനമായി കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സാമ്പത്തിക വളർച്ചയ്ക്ക് വേഗം നൽകാനും സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിട്ട് ജനുവരി 16ന് ഒൻപത് വർഷം തികയുകയാണ്. 2016ൽ കേവലം 400 സ്‌റ്റാർട്ടപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ നിലവിൽ 1.7 ലക്ഷം സ്ഥാപനങ്ങൾ ഇന്ത്യയൊട്ടാകെയുണ്ട്. ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയായ ഭാരത് @ 2047 ദർശനവുമായി യോജിച്ച പ്രവർത്തനമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |