തൃശൂർ: കോർപ്പറേഷൻ പരിധിയിൽ തെരുവുനായ് ശല്യം ഒഴിയുന്നില്ല. പൂങ്കുന്നത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റിയായ മുണ്ടൂർ സ്വദേശി ഇമ്മട്ടി ജെയിംസിനെയും പുഷ്പഗിരി ഗ്രാമത്തിൽ ഇ.എസ്.ഐ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സ്ത്രീയെയും കഴിഞ്ഞദിവസങ്ങളിൽ നായ കടിച്ചു. രണ്ട് ദിവസങ്ങളിലായി ആക്രമണം കൂടിയെന്നാണ് പരാതി. നൂറ്റമ്പതോളം നായ്ക്കൾ പൂങ്കുന്നം, കുട്ടൻകുളങ്ങര ഭാഗങ്ങളിലായി ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിൽ തൃശൂർ കോർപ്പറേഷൻ മാതൃകയായിരുന്നെങ്കിലും പിന്നീട് അത് ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് പരാതിയുയർന്നിരുന്നു. കോർപ്പറേഷനിൽ പലതവണ പ്രതിപക്ഷം പ്രതിഷേധവും ഉയർത്തിയിരുന്നു.
അതത് പ്രദേശത്തെ സന്നദ്ധ സംഘടനകളെയും അസോസിയേഷനുകളെയും അറിയിക്കാത്തതിനാൽ വന്ധ്യംകരണത്തിന് എല്ലാ തെരുവുനായ്ക്കളെ പിടികൂടാനാവാതെ എ.ബി.സി പദ്ധതി വഴിപാടാകുന്നതായി പരാതിയുണ്ട്. തെരുവുനായ്ക്കൾ തമ്പടിക്കുന്ന സ്ഥലവും സമയവുമെല്ലാം മനസിലാക്കി വരാത്തത് കൊണ്ട് പലപ്പോഴും പിടികൂടാനാകുന്നില്ല. കൃത്യമായ മാനദണ്ഡം പാലിച്ച് ഫീഡിംഗ് പോയിന്റ് നിർണയിച്ചാൽ പലയിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ച് നായ്ക്കൾ പ്രദേശത്ത് തമ്പടിക്കുന്നത് ഒഴിവാകും. ഫീഡിംഗ് പോയിന്റ് കോർപ്പറേഷനിൽ എവിടെയും നിർണയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ശാശ്വത പരിഹാരമില്ല
നിരവധി തവണ കോർപ്പറേഷൻ അധികാരികളോട് രേഖാമൂലവും, കൗൺസിൽ യോഗത്തിലും ആവശ്യപ്പെട്ടിട്ടും നായ്ക്കൾക്ക് ഷെൽട്ടർ തുടങ്ങിയ കാര്യങ്ങളിൽ ശാശ്വത പരിഹാരം കോർപ്പറേഷൻ അധികാരികൾ നടപ്പാക്കുന്നില്ല.
എ.കെ.സുരേഷ്
കോർപ്പറേഷൻ കൗൺസിലർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |