തൃശൂർ: പീച്ചി റിസർവോയറിൽ മൂന്നു വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ നാട് തേങ്ങുമ്പോഴും ഏഴുവർഷം മുൻപ് സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി തുടരുന്നു. റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികമുള്ളത് മുങ്ങിമരണങ്ങളാണ്. സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽപഠനത്തിന് അവസരം നൽകിയെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ല. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിർദ്ദേശിച്ചിരുന്നു. വേനലവധിയിൽ കൂടുതലും അപകടത്തിൽപ്പെടുന്നത് വിദ്യാർഥികളാണ്. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പും ഒഴിവ് ദിനങ്ങളിൽ നീന്തൽ പരിശീലനവും നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തായി സ്‌കൂൾ മുന്നോട്ടുവരുന്നില്ലെന്ന് പറയുന്നു. മുൻപ് ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ സംഘം അദ്ധ്യാപകരുടെ സഹായത്തോടെ അക്വാട്ടിക് ക്ലബിൽ പരിശീലനത്തിനെത്തിയിരുന്നു.
സി.പി.ആർ. പരിശീലനവും അനിവാര്യം
സി.പി.ആർ. പരിശീലിച്ച ലൈഫ് ഗാർഡ് ഉണ്ടായിരുന്നതിനാൽ പീച്ചിയിൽ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് സി.പി.ആർ. നൽകാൻ കഴിഞ്ഞിരുന്നു. അതിവേഗം രക്ഷാപ്രവർത്തനവും നടന്നു. എന്നാൽ സി.പി.ആർ. പരിശീലനം നേടിയവരും കുറവാണ്. എല്ലാ ലൈഫ് ഗാർഡുമാർക്കുപോലും വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്ന് പറയുന്നു. രക്ഷിച്ചയാൾക്ക് ബോധമില്ലെങ്കിൽ ഉടൻ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിച്ച് സി.പി.ആർ നൽകണം. നെഞ്ചിന്റെ കൃത്യം നടുവിൽ മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. ഇത് കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ സി.പി.ആർ. നൽകാവൂ എന്ന് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കണം, ജാഗ്രത വേണം
കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എപ്പോഴും തയ്യാറാണ്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികളെയെല്ലാം പരിശീലിപ്പിക്കും. ഒരു ബാച്ചിന് വളരെ കുറഞ്ഞ നിരക്ക് മാത്രമാണുളളത്. പരിശീലനം ലഭിച്ച വിദഗ്ധരും അക്വാട്ടിക് ക്ലബിലുണ്ട്.
കെ.ആർ. സാംബശിവൻ, പ്രസിഡന്റ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |