കണ്ണൂർ: മികച്ച സൈനികസേവനത്തിനുള്ള കമാൻഡേഷൻ കാർഡ് അംഗീകാരം നേടി പയ്യന്നൂർ സ്വദേശി. ധീരതയ്ക്കും വിശിഷ്ട സേവനത്തിനുംഇന്ത്യൻ സൈന്യം നൽകുന്ന ഈ പുരസ്‌കാരത്തിന് പയ്യന്നൂർ മാത്തിൽ കുറുവേലി സ്വദേശിയായ ലെഫ്റ്റനെന്റ് കേണൽ പി.സുമേഷ് കുമാറാണ് അർഹനായത്.
ഇപ്പോഴും തുടരുന്ന മണിപ്പൂരിലെ കലാപഭൂമിയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ തിളക്കമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് സുമേഷ് കുമാർ ആദരിക്കപ്പെട്ടത്. സൈന്യം നടത്തിയ നീക്കങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയതിനും അസാധാരണമായ പ്രവർത്തനക്ഷമതയ്ക്കും നേതൃത്വ മികവിനുമാണ് അംഗീകാരം ലഭിച്ചത്. ജനറൽ ഓഫീസർ കമാൻഡ് ഇൻ ചീഫ് ഈസ്റ്റേൺ കമാൻഡാണ് പി.സുമേഷ് കുമാറിന് പുരസ്കാരം സമ്മാനിച്ചത് .
നാട്ടിലേക്ക് ആദ്യമായി എത്തിയ അഭിമാന നേട്ടത്തിന്റെ സന്തോഷത്തിലാണ് സുമേഷ് കുമാറിന്റെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും.
മാത്തിൽ കുറുവേലിയിലെ പരേതനായ ചൂരിക്കാടൻ കൃഷ്ണൻ നായരുടെയും പെരിങ്ങോത്ത് യശോദയുടെയും മകനാണ് സുമേഷ് കുമാർ. സൈനീക സ്കൂൾ അദ്ധ്യാപിക ശിവരഞ്ജിനിയാണ് ഭാര്യ. വിദ്യാർത്ഥിയായ സമർത്ഥ് മകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |