ചെറുതുരുത്തി: പിടിച്ചെടുത്ത വാഹനങ്ങളാൽ ശ്വാസം മുട്ടിയ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് ശാപമോക്ഷം. പല കേസിലായി പിടികൂടിയ 465 വാഹനങ്ങൾ കളക്ടർ ഒക്ടോബറിൽ ഓൺലൈനിലൂടെ ലേലം ചെയ്തു വിറ്റു.
2000 മുതൽ 2015 വരെ വിവിധ കേസിൽപെട്ട് ചെറുതുരുത്തി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് വിറ്റത്. 79.5 ലക്ഷം രൂപയ്ക്കാണ് ആറ് സ്ഥലങ്ങളിലായി സൂക്ഷിച്ച വാഹനങ്ങൾ ലേലം ചെയ്തത്. കൊച്ചിൻ പാലത്തിന് സമീപമുള്ള വാഹനങ്ങൾ 25 ലക്ഷം, ഇറിഗേഷൻ 12 ലക്ഷം, പൊലീസ് സ്റ്റേഷന് മുൻവശത്തെ വാഹനങ്ങൾ 12 ലക്ഷം, പൊലീസ് സ്റ്റേഷൻ പിറകുവശം 2.5 ലക്ഷം, എ.ആർ ക്യാമ്പ് 3 ലക്ഷം, വള്ളത്തോൾ നഗർ പഞ്ചായത്ത് 2.5 ലക്ഷം എന്നീ തുകകൾക്കാണ് ലേലം ചെയ്യപ്പെട്ടത്.
പുഴയോട് ചേർന്ന പൊലീസ് സ്റ്റേഷനായതിനാൽ ഭാരതപ്പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസിലാണ് ഭൂരിഭാഗം വാഹനങ്ങളും സ്റ്റേഷനിലെത്തിയത്. സ്‌റ്റേഷനിൽ സ്ഥലം തികയാത്തതിനാൽ വള്ളത്തോൾ നഗർ പഞ്ചായത്ത്, ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിന് സമീപവും, ഇറിഗേഷൻ കോമ്പൗണ്ടിലും, പൊലീസ് സ്റ്റേഷൻ പരിസരം, എ.ആർ ക്യാമ്പ് തുടങ്ങിയ ആറ് സ്ഥലങ്ങളിലായാണ് വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
കാലപ്പഴക്കം മൂലം വാഹനങ്ങൾ പലതും തുരുമ്പെടുത്തു. ചെറുതുരുത്തി സ്റ്റേഷനിലെ സി.ഐ അനന്തകൃഷ്ണൻ, എസ്.ഐ എ.ആർ.നിഖിൽ എന്നിവരുടെ നിർദ്ദേശപ്രകാരം സീനിയർ സി.പി.ഒ കെ.ജെ.ജയകുമാറും സി.പി.ഒ എം.കെ.മിഥുനും ചേർന്ന് ആറ് മാസം കൊണ്ട് തയ്യാറാക്കിയ വാഹനങ്ങളുടെ ലിസ്റ്റ് പ്രകാരമാണ് ലേലം നടന്നത്. നിലവിൽ പിടിച്ചെടുത്ത 715ലേറെ വാഹനങ്ങളിൽ നിന്ന് അവകാശികളില്ലാത്ത 465 വാഹനങ്ങൾ ലേലം ചെയ്തു. ഈ സ്‌കൂട്ടർ ഉപയോഗിച്ചാണ് സ്റ്റേഷന്റെ ഒരു ഭാഗത്തെ മതിൽ നിർമ്മാണം നടത്തിയത്. ചെറുതുരുത്തി സി.ഐ അനന്തകൃഷ്ണൻ, എസ്.ഐ എ.ആർ.നിഖിൽ എന്നിവരുടെ സംഘം വാഹനം നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകി.
ലേലം ചെയ്തത് 465 എണ്ണം
54 ലോറികൾ
13 കാർ
ജീപ്പ്, വാൻ തുടങ്ങി ഓട്ടോ, പെട്ടിഓട്ടോ എന്നിവ ഉൾപ്പെടെ 90 എണ്ണം
ഇരുചക്രവാഹനങ്ങൾ 308
എം 80 - 231 .
ലേലത്തിൽ കിട്ടിയത് 79.5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |