സുൽത്താൻ ബത്തേരി : നവംബർ മുതൽ മാർച്ച് വരെയുള്ള കാലം കടുവകൾക്ക് ഇണചേരൽ കാലം. അമ്മക്കടുവകൾ കുഞ്ഞുങ്ങളെ ഇര പിടിപ്പിക്കാൻ പഠിപ്പിക്കുന്ന സമയവും. ഈ കാലയളവിലാണ് കടുവകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നത്.
ഓരോ കടുവയും പ്രത്യേക അധികാര പരിധി സൂക്ഷിച്ചാണ് കഴിയുന്നത്. ഇതിന് വിരുദ്ധമായി ഇണചേരാൻ വേണ്ടി മാത്രമാണ് ആൺകടുവകൾ പുറത്ത് കടക്കുന്നത്. ഇങ്ങനെ പുറത്ത് കടക്കുന്ന കടുവകൾ മറ്റ് കടുവകളുമായി ഏറ്റുമുട്ടുന്നു. തോൽക്കുന്ന കടുവ കാട്ടിൽ നിൽക്കാതെ പുറത്ത് കടക്കുന്നു. ഇങ്ങനെ വരുന്ന കടുവകൾ ജനവാസ മേഖലയിൽ തന്നെ കഴിയുന്നു .
കടുവക്കുഞ്ഞുങ്ങളെ അമ്മക്കടുവകൾ ഇരപിടിക്കാൻ പഠിപ്പിക്കുന്ന സമയമാണിത്. അതാണ് പലയിടത്തും കുഞ്ഞുങ്ങളേയും അമ്മക്കടുവയേയും ഇപ്പോൾ കാണുന്നത് .കുഞ്ഞുങ്ങളെ ആൺകടുവകൾ കൊന്നു തിന്നാൻ സാദ്ധ്യതയുള്ളതിനാലാണ് അമ്മകടുവകൾ കുഞ്ഞുങ്ങളുമായി വനത്തിന് പുറത്ത് കടക്കുന്നത്. കുഞ്ഞുങ്ങളോടൊപ്പമുള്ള പെൺകടുവകൾ ആൺകടുവകളെ അടിപ്പിക്കാറില്ല. ഇതിനാലാണ് ആൺകടുവകൾ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത്. മേപ്പാടി, ചുണ്ടേൽ ഭാഗങ്ങളിൽ ഈ അടുത്തിടെ കടുവക്കുഞ്ഞുങ്ങളെ കണ്ടത് ഇങ്ങനെയാണ്.
ആൺ കടുവ കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നത് ഒഴിവാക്കൻ അമ്മക്കടുവ ആൺ കടുവകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ നിന്ന് മാറിപ്പോകും. ചുണ്ടേലിൽ അടുത്തിടെ ഇറങ്ങിയ അമ്മക്കടുവയെയും കുഞ്ഞുങ്ങളെയും പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും മറ്റൊരു ആൺകടുവ പ്രദേശത്തേക്ക് വന്നതോടെ അമ്മക്കടുവയും മക്കളും മറ്റു സ്ഥലത്തേക്ക് ഓടി പോകുകയായിരുന്നു. ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കടുവകൾ കൂടുതൽ നാട്ടിലിറങ്ങുന്നത്. ഈ സമയത്ത് കടുവകളുടെ ഏറ്റുമുട്ടലും കൂടുതലാണ്. പ്രായമായതും പരിക്കേറ്റതുമായ കടുവകൾ സ്വാഭാവികമായും വനത്തിന് പുറത്തേക്ക് എത്തും. ഇപ്പോൾ പുൽപ്പള്ളി അമരക്കുനിയിൽ പ്രായാധിക്യത്താലും പരിക്കേറ്റ നിലയിലുമായി ജനവാസ കേന്ദ്രത്തിൽ കാണപ്പെട്ട കടുവയും ഇത്തരത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം.
ഏപ്രിൽ മാസത്തോടെ ഇണചേരൽ കാലം അവസാനിക്കും. കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കുറയുകയും ചെയ്യും. അതോടെ കടുവകൾ നാട്ടിലിറങ്ങുന്നത് കുറയും. വയനാട്ടിൽ കടുവ കൂടുന്നതിന് കാരണം വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ബന്ദിപ്പുർ, മുതുമല, നാഗർഹോള എന്നിവിടങ്ങളിൽ നിന്നുള്ള കടുവകളുടെ വരവാണ്. വന്യമൃഗങ്ങൾക്ക് ഇത് ഒറ്റ ഭൂപ്രദേശമാണ്. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം വന്യമൃഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |