ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ പ്രദർശന ഇനം മാത്രമാക്കി മാറ്റിയ സംഘാടകസമിതിക്ക് തിരിച്ചടി നൽകി ഡൽഹി ഹൈക്കോടതി. ഹരിയാന സ്വദേശിയും കഴിഞ്ഞ ഗെയിംസിൽ ഹരിയാനയ്ക്ക് വേണ്ടി കളരിപ്പയറ്റിൽ വെങ്കലമെഡലുകൾ നേടിയിരുന്ന താരവുമായ ഹർഷിത യാദവ് നൽകിയ ഹർജിയിൽ കളരിയെ ഇക്കുറിയും മത്സരഇനമായിതന്നെ നിലനിറുത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ സാദ്ധ്യതകളും പ്രതീക്ഷകളും ഏറും. കേരളത്തിന്റെ കായിക രംഗത്തിനുതന്നെ ഏറെ ആശ്വാസം പകരുന്നതാണ് കോടതി വിധിയെന്ന് കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ കേരള കൗമുദിയോട് പറഞ്ഞു.
2023ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിലാണ് കളരിയെ ആദ്യമായി മത്സരഇനമാക്കിയത്. ഓരോ ഗെയിംസിലും ആതിഥ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് മത്സരഇനങ്ങളും പ്രദർശന ഇനങ്ങളും നിശ്ചയിക്കാനുള്ള അനുമതിയുണ്ട്. അതനുസരിച്ച് ഉത്തരാഖണ്ഡിലെ സംഘാടക സമിതിയാണ് ഗോവ ഗെയിംസിൽ മത്സര ഇനങ്ങളായിരുന്ന കളരി,മല്ലക്കമ്പ്, യോഗാസന എന്നിവയെ പ്രദർശന ഇനമാക്കിയത്. എന്നാൽ സമ്മർദ്ദം മുറുകിയതോടെ മല്ലക്കമ്പിനെയും കളരിയേയും തിരികെ മത്സരഇനമാക്കി. ഇതോടെയാണ് കളരി താരം കോടതിയിലെത്തിയത്.
കളരിയില്ലെങ്കിൽ
കളരിക്ക് പുറത്താകും
2023ലെ ഗെയിംസിൽ . 36 സ്വർണവും 24 വെള്ളിയും 27 വെങ്കലങ്ങളുമടക്കം 87 മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്തായിരുന്നു.
കേരളത്തിന്റെ 19 സ്വർണങ്ങളും കളരിയിൽ നിന്നായിരുന്നു. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 22 മെഡലുകൾ ആകെ ലഭിച്ചു.
ഇക്കുറി അത്‌ലറ്റിക്സ് ഉൾപ്പടെയുള്ള ഇനങ്ങളിൽ കേരളത്തിന് അധികമെഡൽ പ്രതീക്ഷയില്ല. കളരികൂടി ഇല്ലായിരുന്നെങ്കിൽ മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിൽ എത്തുക പ്രയാസമായേനെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |