തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ ഈമാസം 28 മുതൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും യാത്രാ ഒരുക്കങ്ങൾക്കുമായി സർക്കാർ 4.5 കോടി രൂപ അനുവദിച്ചു.സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സമർപ്പിച്ച 9.9 കോടി രൂപയുടെ പ്രൊപ്പോസലിന്റെ ആദ്യഗഡുവാണിത്.
വിവിധ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകൾ, ജഴ്‌സി, കായികോപകരണങ്ങൾ, വിമാന യാത്രാക്കൂലി എന്നീ കാര്യങ്ങൾക്കായാണ് അനുവദിച്ച തുക ഉപയോഗിക്കുക.
17 കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു കഴിഞ്ഞു. 4 ഇനങ്ങളുടെ ക്യാമ്പുകൾ ജനുവരി 17 നകം ആരംഭിക്കും. ട്രയാത്ത്‌ലൺ, റോവിംഗ് ക്യാമ്പുകൾ ഡിസംബറിൽ തന്നെ തുടങ്ങിയിരുന്നു. കേരളത്തിന് സാധ്യതയുള്ള ഫുട്‌ബാൾ, വാട്ടർപോളോ, കനോയിംഗ്-കയാക്കിംഗ്, നെറ്റ്‌ബാൾ ഇനങ്ങളിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.
കായികതാരങ്ങളുടെ
യാത്ര വിമാനത്തിൽ
ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. ആദ്യമായാണ് ദേശീയ ഗെയിംസിനുള്ള മൊത്തം ടീമിനെയും വിമാനമാർഗ്ഗം കൊണ്ടുപോകുന്നത്. ഉത്തരാഖണ്ഡിലേക്ക് ട്രെയിൻ മാർഗ്ഗം നാല് ദിവസത്തോളം യാത്രയുണ്ട്. ഇതു കായികതാരങ്ങളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ വിമാനത്തിൽ കൊണ്ടുപോകണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിർദ്ദേശിക്കുകയായിരുന്നു.
മത്സരങ്ങളുടെ ഷെഡ്യൂൾ അനുസരിച്ചാകും കായികതാരങ്ങളെ കൊണ്ടുപോകുന്നത്. ടിക്കറ്റുകളെ എടുക്കാൻ സർക്കാർ ഏജൻസിയായ ഒഡേപെകിനെ ചുമതലപ്പെടുത്തി.
രജിസ്റ്റർ ചെയ്തത്
417താരങ്ങൾ
ദേശീയ ഗെയിംസിൽ മത്സരിക്കാനുള്ള കളിക്കാരുടെ രജിസ്ട്രേഷന്റെ അവസാന ദിവസമായ ഇന്നലെവരെ കേരളത്തിന്റ 417 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്.കേരള ഒളിമ്പിക് അസോസിയേഷനാണ് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. അത്‌ലറ്റിക്സ്,അക്വാട്ടിക്സ്,ആർച്ചറി,ബാഡ്മിന്റൺ,ബാസ്കറ്റ് ബാൾ, ബോക്സിംഗ് , കനോയിംഗ് ആൻഡ് കയാക്കിംഗ്, സൈക്ളിംഗ്, ഫെൻസിംഗ്,ഫുട്ബാൾ,ജിംനാസ്റ്റിക്സ്, ബീച്ച് ഹാൻഡ് ബാൾ ), ജൂഡോ, ഖോ ഖോ, നെറ്റ്ബാൾ,റോവിംഗ്, റഗ്ബി,ഷൂട്ടിംഗ്, സ്ക്വാഷ്, ടേബിൾ ടെന്നിസ്,ട്രയാത്‌ലൺ,വോളിബാൾ ,ബീച്ച് വോളിബാൾ,വെയ്റ്റ് ലിഫ്ടിംഗ്, റെസ്‌ലിംഗ്, വുഷു ,കളരിപ്പയറ്റ് എന്നീ ഇനങ്ങളിലാണ് കേരളം പങ്കെടുക്കുന്നത്. തായ്ക്കൊണ്ടോ താരങ്ങളുടെ രജിസ്ട്രേഷൻ സാങ്കേതിക കാരണങ്ങളാൽ ചെയ്യാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |