പ്രതിയുടെ ബോധവൽക്കരണ വീഡിയോ കോടതിയിൽ സമർപ്പിക്കാൻ പൊലീസിനും നിർദ്ദേശം
കാസർകോട്: 3.06 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവിനു ജാമ്യം നൽകുന്നതിനു കാസർകോട് ജില്ലാ സെഷൻസ് ജഡ്‌ജി സാനു എസ്. പണിക്കരുടെ അപൂർവ്വ വിധി പ്രസ്താവം. 'നിങ്ങൾ മദ്യവും ലഹരിയും വർജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തേയുമാണ്' എന്ന് എഴുതിയ ബോർഡുമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തണമെന്നാണ് കോടതി വിധി. അഞ്ച് ദിവസം നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയിൽ സമർപ്പിക്കണമെന്ന് പൊലീസിനോടും ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ച കോടതി നിർദ്ദേശിച്ചു.
കാഞ്ഞങ്ങാട് പടന്നക്കാട്, കുറുന്തൂരിലെ ഷഫ്രീന മൻസിലിലെ അബ്ദുൽ സഫ്‌വാന്(25)ജാമ്യം നൽകുന്നതിനാണ് കോടതി അപൂർവ്വ വിധി പുറപ്പെടുവിച്ചത്. 2024 മേയ് 18 ന് കാഞ്ഞങ്ങാട് മയ്യത്ത് റോഡിൽ വച്ചാണ് അബ്ദുൽ സഫ്‌വാൻ എം.ഡി.എം.എയുമായി പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. പിന്നാലെ തന്നെ ഇൻസ്പെക്ടർ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി മുഹമ്മദ് സഫ്‌വാൻ ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യം നൽകാൻ തയ്യാറായ കോടതി പ്രതിയോട് മയക്കുമരുന്നിനെതിരെ ബോധവൽക്കരണത്തിന് നിർദ്ദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |