തിരുവനന്തപുരം : സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി 570 തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ആരോഗ്യമേഖലയ്ക്ക് കൂടുതൽ കരുത്തേകും.
അസിസ്റ്റന്റ് സർജൻ 35, നഴ്സിംഗ് ഓഫീസർ ഗ്രേഡ്2 -150, ഫാർമസിസ്റ്റ് ഗ്രേഡ് 2 -250, ലാബ് ടെക്നീഷ്യൻ ഗ്രേഡ്2 -135 എന്നിങ്ങനെയാണിത്. നിയമന നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനാണ് തീരുമാനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. . ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ 3 മെഡിക്കൽ ഓഫീസർ, 4 സ്റ്റാഫ് നഴ്സ്, 2 ഫാർമസിസ്റ്റ്, 1 ലാബ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ലഭ്യമാകുക.
സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ ബോധവത്ക്കരണത്തിനായി ടെലിവിഷൻ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |