കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന കെട്ടിട സമുച്ചയത്തിൽ ഉൾപ്പെടുന്ന അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി.
മൂന്നാമത്തെ ബ്ലോക്കിന്റെ ഒന്നാം നിലയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ബാക്കി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം ഇന്നലെ പൊളിച്ചുതുടങ്ങി. പ്രവേശന കവാടത്തിന് അടുത്തുവരെയാണ് ആദ്യം പൊളിക്കുന്നത്. തുടർന്ന് ഘട്ടം ഘട്ടമായി പൊളിച്ചു നീക്കും. പ്രധാന കെട്ടിടം പൊളിക്കുന്നതുകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ദേശീയപാത മുതൽ പ്ലാറ്റ്‌ഫോം വരെ റൂഫിംഗോട് കൂടിയ താത്കാലിക പ്രവേശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പഴയ റെയിൽവേ കെട്ടിടത്തിലെ ഓഫീസുകൾ പൂർണമായും ഒഴിപ്പിച്ചു. പ്രധാന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, വിശ്രമ കേന്ദ്രം തുടങ്ങിയവ റെയിൽവേ സ്റ്റേഷന് മുന്നിൽ സജ്ജമാക്കിയ താത്കാലിക ഷെഡുകളിലാണ് പ്രവർത്തിക്കുന്നത്. ഗ്യാംഗ് റസ്റ്റ് റൂം, സീനിയർ സെക്ഷൻ എൻജിനിയർ ബിൽഡിംഗ്, സർവീസ് ബിൽഡിംഗ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്ക്ക് കൈമാറി. സബ് സ്റ്റേഷൻ ബിൽഡിംഗ് നിർമ്മാണം 60 ശതമാനത്തിലെറെയും പാർസൽ ബിൽഡിംഗ് 65 ശതമാനവും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
എം.എൽ.സി.പി അവസാനഘട്ടത്തിൽ
മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ നിർമ്മാണം അവസാനഘട്ടത്തിൽ
അവശേഷിക്കുന്നത് അറ്റകുറ്റപ്പണികൾ
നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും
കൂടുതൽ കാർ പാർക്കിംഗ് ആവശ്യമെങ്കിൽ അത്യാധുനിക ലിഫ്ട് സംവിധാനമുള്ള പാർക്കിംഗ് ഒരുക്കും
അടിസ്ഥാന നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി
ആകെ അഞ്ച് നിലകൾ
ഒരേ സമയം 138 ഓളം കാറുകളും 260 ഓളം ബൈക്കുകളും പാർക്ക് ചെയ്യാം
ടെർമിനലുകളെ ബന്ധിപ്പിച്ച് 36 മീറ്റർ വീതിയിൽ കോൺകോഴ്‌സ്
റസ്റ്റോറന്റ്, ഷോപ്പിംഗ് കോംപ്ലക്‌സ്, വിശ്രമ കേന്ദ്രം
സൂപ്പർ സ്ട്രക്ചർ നിർമ്മാണ ഫാബ്രിക്കേഷൻ പുരോഗമിക്കുന്നു
ദേശീയപാതയിൽ അടിപ്പാത ഒരുക്കും
ഓപ്പൺ പാർക്കിംഗ് ഏരിയയിൽ നിന്ന് പുതുതായി നിർമ്മിച്ച ബഹുനില പാർക്കിംഗ് സമുച്ചയത്തിലേയ്ക്ക് യാത്രക്കാർക്ക് എത്തിച്ചേരുന്നതിന് ദേശീയപാതയിൽ അടിപ്പാത നിർമ്മിക്കണമെന്ന നിർദ്ദേശത്തിന് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം മേധാവിയായ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. ദേശീയപാത അതോറിറ്റിയുടെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് അടിപ്പാത നിർമ്മാണം ആരംഭിക്കും. മെമു ഷെഡ് നിർമ്മാണം ജൂലായിൽ പൂർത്തീകരിക്കാനാകും. താത്കാലിക പ്രവേശന വഴിയുടെ ഉദ്ഘാടനവും എം.പി നിർവഹിച്ചു.
യോഗത്തിൽ ദക്ഷിണ റെയിൽവേ നിർമ്മാണ വിഭാഗത്തിന്റെ മേധാവി ഷാജി സക്കറിയ, എറണാകുളം കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനിയർ മുരാരിലാൽ, തിരുവനന്തപുരം കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യുട്ടി ചീഫ് എൻജിനിയർ എസ്.ചന്ദ്രുപ്രകാശ്, ഡെപ്യുട്ടി ചീഫ് എൻജിനിയർ ഷൺമുഖം, റോഡ് സേഫ്ടി പ്രോജക്ട് ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചെന്നൈ ആർ.കെ.കണ്ണൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു
അടുത്തവർഷം ജനുവരിയിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |