താനൂർ: ജലജീവൻ മിഷനു കീഴിൽ താനൂർ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് 43.89 കോടി രൂപയുടെ ടെൻഡറിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതോടെ, മേഖലയുടെ പതിറ്റാണ്ടുകൾ നീണ്ട കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി. മന്ത്രി വി. അബ്ദുറഹ്മാന്റെ ഇടപെടലിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താനൂർ എം.എൽ.എ ആയിരുന്ന വി. അബ്ദുറഹ്മാൻ സർക്കാരിന് സമർപ്പിച്ച പദ്ധതിയാണ് താനൂർ കുടിവെള്ള പദ്ധതി. ജലദൗർലഭ്യം രൂക്ഷമായ താനൂർ നഗരസഭയ്ക്കും താനാളൂർ, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്.
ഭാരതപ്പുഴയിൽ നിന്ന് 14 കിലോ മീറ്റർ പൈപ്പിട്ടാണ് പദ്ധതിക്ക് വെള്ളം എത്തിക്കുന്നത്. ചെറിയമുണ്ടം പഞ്ചായത്തിലെ നരിയറക്കുന്നിലാണ് പദ്ധതിയുടെ പ്രധാന ടാങ്കും ട്രീറ്റ്‌മെന്റ് പ്ലാന്റും നിർമ്മിച്ചിട്ടുള്ളത്. 90 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനും ദിവസേന 45 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുമുള്ള സജ്ജീകരണങ്ങൾ നരിയറക്കുന്നിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത 50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ട് 24 മണിക്കൂർ പ്രവർത്തിക്കാൻ പര്യാപ്തമാണ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. രണ്ടര ലക്ഷം ജനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. മറ്റു പഞ്ചായത്തുകളിൽ വിതരണ സംവിധാനം ഒരുക്കുന്ന പ്രവൃത്തികൾ ഏകദേശം പൂർത്തിയായി. ചെറിയമുണ്ടത്ത് ടെൻഡർ അനുവദിച്ച സാഹചര്യത്തിൽ ഉടൻ പ്രവൃത്തി തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |