മലപ്പുറം: നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ രണ്ട് സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച റെയിൽവേയുടെ നടപടി ദീർഘദൂര യാത്രക്കാർക്ക് ദുരിതമാവും. 14 കോച്ചുകൾ മാത്രമുള്ള രാജ്യറാണിയിൽ ആറ് സ്ലീപ്പർ കോച്ചുകളും ഒന്നുവീതം എ.സി ടൂ ടയർ, ത്രീ ടയർ കോച്ചുകളുമാണ് ഉണ്ടാവുക. ജനറൽ കോച്ചുകളുടെ എണ്ണം രണ്ടിൽ നിന്ന് നാലാക്കി ഉയർത്തിയത് ആശ്വാസകരമാണെങ്കിലും പകരം സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചതാണ് തിരിച്ചടി. രണ്ട് റിസർവേഷൻ സെക്കന്റ് ക്ലാസ് കോച്ചുകളും രാജ്യറാണിയിലുണ്ട്. സ്ളീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിലൂടെ 150ഓളം യാത്രക്കാരുടെ അവസരമാണ് ഇല്ലാതായത്. നേരത്തെ 600 സ്ലീപ്പർ ക്ലാസുകൾ ഉണ്ടായിരുന്നപ്പോൾ ഇത് 450 ആയി കുറഞ്ഞിട്ടുണ്ട്. എസി ടു ടയറിൽ 20ഉം ത്രീ ടയറിൽ 23 സീറ്റുകളുമുണ്ട്. ഈ മാസം 19 മുതലാണ് പുതിയ മാറ്റം നടപ്പിൽ വരുത്തുക.
നിലവിലെ സാഹചര്യത്തിൽ തന്നെ സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ലഭിക്കാൻ ഏറെ പ്രയാസമാണെന്നിരിക്കെ റെയിൽവേയുടെ പുതിയ ക്രമീകരണം യാത്രാദുരിതം വർദ്ധിപ്പിക്കും. തിരുവനന്തപുരം ആർ.സി.സിയിലേക്ക് ചികിത്സ തേടി പോവുന്നവരുടെ പ്രധാന ആശ്രയമാണ് രാജ്യറാണി. രാത്രി 9.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 5.30ന് കൊച്ചുവേളിയിൽ എത്തുന്ന ട്രെയിൻ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് എത്തുന്നവർക്ക് വലിയ സഹായമാണ്. 245 രൂപയാണ് സ്ലീപ്പർ ക്ലാസിൽ നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. കൊച്ചുവേളിയിൽ നിന്ന് രാജ്യറാണി യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസും സർവീസ് നടത്തുന്നുണ്ട്.
കൺഫേം ടിക്കറ്റില്ല
ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്താലേ നിലവിലെ സാഹചര്യത്തിൽ സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ലഭിക്കൂ. ഞായർ, വെള്ളി ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. സീസൺ സമയങ്ങളിൽ ഒരുമാസം മുമ്പേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. ജനുവരി 31 വരെ സ്ലീപ്പർ ടിക്കറ്റില്ല. രണ്ട് ദിവസങ്ങളിൽ നാമമാത്രമായ ആർ.എ.സി ടിക്കറ്റുണ്ട്. മിക്ക ദിവസങ്ങളിലും വെയ്റ്റിംഗ് ലിസ്റ്റ് 50ന് മുകളിലാണ്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ടിക്കറ്റില്ല. തേർഡ്, സെക്കൻഡ് ടയർ എ.സി ടിക്കറ്റുകളുമില്ല. തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും 18 കോച്ചുകൾ ഉണ്ടെന്നിരിക്കെ രാജ്യറാണിയിലും ഇത് നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ 18 കോച്ചുകൾക്കുള്ള സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |