തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ട് സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടനയ്ക്കായി തയ്യാറാക്കിയ ഗാനം ഇന്ന് അവതരിപ്പിക്കും. കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരോദ്ഘാടന സമ്മേളനത്തിലാണ് 'സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ' എന്നു തുടങ്ങുന്ന ഗാനം അവതരിപ്പിക്കുന്നത്. ഗാനം വിവാദമായെങ്കിലും അവതരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘാടകരുടെ നിലപാട്.
സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഗാനം ആലപിക്കും. മൂന്നു വർഷം മുമ്പ് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ പിണറായി വിജയനെ സ്തുതിച്ചു കൊണ്ട് മെഗാതിരുവാതിര നടത്തിയത് വിവാദമായിരുന്നു.
പിണറായി വിജയന്റെ കഴിഞ്ഞകാല സമര പോരാട്ടങ്ങളിലേക്കും മുഖ്യമന്ത്രി എന്ന നിലയ്ക്ക് നേരിട്ട പ്രതിസന്ധികളെയുമെല്ലാം അനാവരണം ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ഗാനം. ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാണ് പിണറായി എന്നാണ് പാട്ടിലൂടെ നൽകുന്ന പരിവേഷം.
ധനകാര്യവകുപ്പ് ഉദ്യോഗസ്ഥനായ പൂവത്തൂർ ചിത്രസേനനാണ് ഗാനത്തിന്റെ രചന. സംഗീതം നൽകിയത് നിയമവകുപ്പിലെ സെക്ഷൻ ഓഫീസറായ വിമൽ. സംഘടനയുടെ സാംസ്കാരിക കൂട്ടായ്മയായ രചനയുടെ പാട്ടുകൂട്ടത്തിലെ അംഗങ്ങളാണ് ഗാനാലാപനം നിർവഹിക്കുന്നത്. ഊറ്റുകുഴിക്ക് സമീപത്തെ നാല് സെന്റ് സ്ഥലത്താണ് അസോസിയേഷൻ ആസ്ഥാന മന്ദിരം നിർമ്മിച്ചത്. 2023ലാണ് ഇവിടെ സ്ഥലം വാങ്ങിയത്.
''തങ്ങളുടെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ഗാനം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കും
-പി.ഹണി, പ്രസിഡന്റ്, കേരള സെക്ര.
എംപ്ളോയീസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |