തിരൂർ: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമായതിനാൽ ഭേദഗതിയിലൂടെ അവസാനിപ്പിക്കണമെന്ന് തിരൂരിൽ ചേർന്ന ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രതിനിധിസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ നീതി നടപ്പാക്കാനായി ജാതി സംവരണത്തിന് അർഹതയില്ലാത്ത ന്യൂനപക്ഷക്കാർക്ക്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം നൽകാനാവും. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സംവരണം എല്ലാ മതവിഭാഗങ്ങളിലുമുള്ള പാവപ്പെട്ടവർക്ക് നൽകി വികസനം നടപ്പിലാക്കണം. ജാതിവ്യവസ്ഥ മൂലം പിന്നാക്കം പോയ ഹിന്ദുമതത്തിലെ ജാതികൾക്കു ഭരണഘടന ജാതി സംവരണത്തിന് വ്യവസ്ഥ ചെയ്തിരുന്നു. ജനസംഖ്യാനുപാതിക സംവരണം എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമേ ഭരണഘടന ഉറപ്പ് നൽകുന്നുള്ളൂ. ഹിന്ദുമതത്തിൽ നിന്നും ക്രിസ്തു, ഇസ്ലാം മതം സ്വീകരിച്ച ചില വിഭാഗക്കാരെ ഒ.ബിസിയായി പരിഗണിച്ചിട്ടുണ്ട്. മതാടിസ്ഥാനത്തിൽ ന്യൂനപക്ഷക്കാർക്ക് നൽകിവരുന്ന സംവരണങ്ങളിൽ മാറ്റം അനിവാര്യമാണെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ആർ.സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി.സുധീർ ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |