ദോഹ: 15 മാസം നീണ്ട കൂട്ടക്കുരുതിക്ക് വിരാമം. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളെ വിട്ടയക്കാനും ഇസ്രയേൽ - ഹമാസ് ധാരണ. വെടിനിറുത്തൽ ഞായറാഴ്ച മുതൽ തുടങ്ങുമെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി അറിയിച്ചു. യു.എസ്,ഖത്തർ,ഈജിപ്ത് എന്നിവർ നടത്തിയ മാസങ്ങൾ നീണ്ട മദ്ധ്യസ്ഥ ചർച്ചകളുടെ ഫലമാണ് കരാർ.
കരാർ അംഗീകരിച്ചെന്ന് ഹമാസ് സ്ഥിരീകരിച്ചു. അതേസമയം ധാരണകളിൽ വ്യക്തത വരാനുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഇസ്രയേൽ സൈന്യവും റെഡ് ക്രോസും ബന്ദികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റാഫ അതിർത്തി തുറക്കും.
പ്രഖ്യാപിച്ചത് ട്രംപ്
നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ വിവരം പ്രഖ്യാപിച്ചത്. എന്നാൽ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച കരാർ രൂപരേഖയാണ് അംഗീകരിക്കപ്പെട്ടത്. ബൈഡൻ മേയിൽ അവതരിപ്പിച്ച രേഖ യു.എന്നും അംഗീകരിച്ചിരുന്നു. മദ്ധ്യസ്ഥ ചർച്ചകളിൽ സ്വീകാര്യമായ മാറ്റങ്ങളും വരുത്തി. താനും ട്രംപിന്റെ ടീമും ചർച്ചകളിൽ ഒറ്റ ടീമായാണ് പങ്കെടുത്തതെന്ന് ബൈഡൻ പ്രതികരിച്ചു.
കരാർ ഇങ്ങനെ
1. മൂന്നു ഘട്ടം. ആറാഴ്ച നീളുന്ന ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇരട്ടിയിലേറെ പാലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയക്കും. ഇസ്രയേൽ സൈന്യം ഗാസയിലെ ജനസാന്ദ്രതയേറിയ മേഖലകളിൽ നിന്ന് കിഴക്കൻ ഭാഗത്തെ 'ബഫർ സോണി"ലേക്ക് മാറും
2. ഗാസയിലേക്ക് ഇന്ധനം, ഭക്ഷണം തുടങ്ങിയവ എത്തും
3. 16-ാം നാൾ തുടങ്ങുന്ന അടുത്ത റൗണ്ട് ചർച്ചയിൽ രണ്ടാം ഘട്ടത്തെക്കുറിച്ച് തീരുമാനിക്കും. ശേഷിക്കുന്ന ബന്ദികളുടെ മോചനവും ഉണ്ടാകും
4. ഗാസയുടെ ഭാവി? ഗാസ ആര് ഭരിക്കും? ഇസ്രയേൽ ഗാസയിൽ നിന്ന് പിന്മാറുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരം ചർച്ചകൾക്ക് ശേഷം വ്യക്തമാകും
ഇസ്രയേൽ നടുങ്ങിയ ഒക്ടോബർ 7
2023 ഒക്ടോബർ 7ന് ഇസ്രയേലിനെ ഹമാസ് ആക്രമിച്ചു. ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ വർഷങ്ങളായുള്ള ഇസ്രയേൽ- പാലസ്തീൻ തർക്കമായിരുന്നു കാരണം. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ 1200ഓളം പേരെ കൊന്നൊടുക്കി. നഗരങ്ങൾ കത്തിച്ചു. 251 പേരെ തട്ടിക്കൊണ്ടുപോയി. പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങി. 2023 നവംബർ 24 മുതൽ 30 വരെ ഗാസയിൽ താത്കാലിക വെടിനിറുത്തൽ നടപ്പാക്കിയിരുന്നു. നൂറിലേറെ ബന്ദികളെ അന്ന് വിട്ടയച്ചു.
---------------
ഗാസ
മരണം- 46,707
കൊല്ലപ്പെട്ട കുട്ടികൾ- 17,492
പരിക്ക്- 110,260
പലായനം ചെയ്തവർ - 1,900,000
ബന്ദികൾ
ബന്ദികളായത്- 251
മോചിപ്പിച്ചത്- 117
കൊല്ലപ്പെട്ടത്- 74 (34 മൃതദേഹങ്ങൾ ഗാസയിൽ)
ഇനി- 60
ഇസ്രയേൽ
മരിച്ചത്: 1,139
---------------
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |