തിരുവനന്തപുരം: കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾക്ക് 30ന് തുടക്കമാവും. പാർട്ടി പ്രവർത്തനങ്ങളുടെ ഏകോപനവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിൽ കൈക്കൊണ്ട തീരുമാനപ്രകാരമാണിത്. ഒരു മാസക്കാലം കുടുംബ സംഗമങ്ങൾ തുടരും.
30ന് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഒരു വാർഡ് കമ്മിറ്റിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നിർബന്ധമായി നടത്തണം. ഫെബ്രുവരി 28ന് മുമ്പ് എല്ലാ വാർഡുകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കണം. ഇതിന് മുന്നോടിയായി വാർഡ് കമ്മിറ്റികളുടെ രൂപീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജനറൽ സെക്രട്ടറി എം.ലിജു നൽകിയ സർക്കുലറിൽ വിശദമാക്കുന്നു.
ഡി.സി.സികൾ 30ന് മുമ്പ് വാർഡ് പുനഃസംഘടന പൂർത്തിയാക്കി വാർഡ് പ്രസിഡന്റുമാരുടെ ജില്ലാതല യോഗം വിളിച്ചുചേർക്കണം. നിയോജക മണ്ഡലങ്ങളിലെ വാർഡ് കമ്മിറ്രി പുനഃസംഘടന പൂർത്തീകരിച്ച ശേഷം നിയോജക മണ്ഡലം കോർ കമ്മിറ്റി പ്രസ്തുത ലിസ്റ്ര് അംഗീകരിച്ച് ഡി.സി.സികൾക്കും ഡി.സി.സികൾ ജില്ലാ കോർ കമ്മിറ്റിയുടെ അംഗീകാരത്തോടെ കെ.പി.സി.സിക്കും നൽകണം. വാർഡുതല സമ്മേളനങ്ങൾക്കുശേഷം മണ്ഡലം കമ്മിറ്റികൾ വികസന സമ്മേളനങ്ങൾ നടത്തണം.
തദ്ദേശ സ്ഥാപനങ്ങളെ മുൻനിറുത്തി വികസന സെമിനാറുകളും പാർട്ടി ഭരിക്കുന്ന സ്ഥലങ്ങളിൽ ഭരണനേട്ടം പ്രചരിപ്പിക്കുന്ന വികസനരേഖയും പ്രതിപക്ഷത്തുള്ള സ്ഥലങ്ങളിൽ വികസനരംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള കുറ്രപത്രം തയ്യാറാക്കിയുള്ള വികസന സമ്മേളനവും സംഘടിപ്പിക്കണം.
ബ്ളോക്ക്, ജില്ലാ വികസന
സമ്മേളനങ്ങൾ ഏപ്രിലിൽ
ബ്ളോക്ക്, ജില്ലാ തല വികസന സമ്മേളനങ്ങളും സെമിനാറുകളും ഏപ്രിലിൽ നടത്തണം. ബ്ളോക്ക് സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം ഡി.സി.സികൾ ജില്ലാ വികസന സമ്മേളനത്തിലേക്ക് കടക്കണം.
ഗാന്ധി സ്മൃതി സംഗമം
മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപം നൽകും. 'ഗാന്ധിജിയുടെ ഇന്ത്യ" എന്ന ആശയം മുൻനിറുത്തി സംസ്ഥാന വ്യാപകമായി വിപുലമായ ആഘോഷ പരിപാടികളും ഗാന്ധി സ്മൃതി സംഗമ സമ്മേളനങ്ങളും സംഘടിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |