കോട്ടയം: പുഞ്ചക്കൃഷിയുടെ കൊയ്‌ത്ത് അടുത്തിട്ടും ആദ്യ കൃഷിയുടെ നെൽ സംഭരിച്ച വകയിൽ കർഷകർക്ക് ഇനിയും. കിട്ടാനുള്ളത് 80 കോടി രൂപ. കനറാ ബാങ്ക്, എസ്.ബി.ഐ അടങ്ങുന്ന ബാങ്കുകളുടെ കൺസോർഷ്യത്തെ സർക്കാർ ഗ്യാരൻഡിയിൽ കർഷക്ക് വായ്പയായി പണം നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും, പല കാരണങ്ങൾ നിരത്തി ബാങ്കുകൾ പ്രത്യേകിച്ചും എസ്.ബി.ഐ നൽകുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
എല്ലാവർക്കും കുടിശിഖ നൽകിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് സെപ്തംബർ മുതൽ നെല്ലു സംഭരിച്ചതിന്റെ പണം പൂർണമായി ലഭ്യമായിട്ടില്ലെന്ന പരാതി. നെല്ലു സംഭരിച്ചതിന്റെ രേഖയായ പി.ആർ.എസുമായി ബാങ്കുകൾകയറി കർഷകർ മടുത്തു.
പുഞ്ചക്കൊയ്‌ത്തിനുള്ള നെല്ല് വിളഞ്ഞു തുടങ്ങി. മാർച്ചു മുതൽ കൊയ്ത്താരംഭിക്കും. നെല്ല് സംഭരണത്തിന്റെ പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചു. മില്ലുകളുടെ അപേക്ഷ ക്ഷണിച്ചു തുടങ്ങി.
കടുത്ത ചൂട് പുഞ്ചക്കൊയ്ത്തിനെ ദോഷകരമായി ബാധിക്കുമോയെന്ന ഭീതി കർഷകർക്കുണ്ട്. നല്ല വിളവ് ലഭിക്കണമെങ്കിൽ അവശ്യത്തിന് വെള്ളം ലഭിക്കണം. വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇല്ലെങ്കിൽ ചാലിലൂടെ വെള്ളം എത്തിക്കണം. വൈദ്യുതി തടസമില്ലാതെ പമ്പിംഗ് നടക്കണം .
തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടും ഉപ്പുവെള്ളം കയറുന്നുണ്ടെന്നും കർഷകർക്ക് പരാതിയുണ്ട്. ഉപ്പുവെള്ളം തടുന്നതിനുള്ള താത്ക്കാലിക ബണ്ടുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല.ഉപ്പുവെള്ളം കെട്ടിനിന്നാൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങും .
കേന്ദ്ര നിരക്ക് നൽകാതെ സംസ്ഥാനം
കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച താങ്ങുവില 32രൂപ 50 പൈസയാണെങ്കിലും.മറ്റുപല ചെലവുകളും പറഞ്ഞു കിലോയ്ക്ക് 28രൂപ 20 പൈസയാണ് സംഭരണ വിലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടള്ളത്. കേന്ദ്ര നിരക്ക് നൽകണമെന്ന ആവശ്യം ഈ വർഷവും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ പുഞ്ചക്കൃഷി നെല്ലിന്റെ പണം ഇനിയും കിടട്ടാനുണ്ടെന്നാണ് കർഷകർ പറയുന്നത്. ആലപ്പുഴ ,കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നായി 2000 കോടിരൂപയുടെ നെല്ലാണ് സർക്കാർ സംഭരിക്കാറുള്ളത്. കോട്ടയത്ത് നിന്നും 400 കോടി രൂപയ്‌ക്ക് മുകളിൽ നെല്ലാണ് സംഭരിക്കുക .
താത്ക്കാലിക ബണ്ടുകൾ ഉടൻ പൂർത്തിയാക്കുന്നില്ലെങ്കിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കും. സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം
സഹദേവൻ നെൽകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |