കോട്ടയം: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കൂട്ട പീഡനത്തിന് ഇരയായ വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ, കോട്ടയത്ത് പോക്‌സോ കേസുകൾ പത്തു വർഷംകൊണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചു.
2015ൽ 71 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞ നവംബർ വരെ 211 കേസുകളായി വർദ്ധിച്ചു.
നിയമം ശക്തമാകുമ്പോഴും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം കൂടുന്നുവെന്നാണ് കണക്കുകൾ.
ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളാണ് പോക്‌സോ കേസുകൾ വർദ്ധിക്കുന്നതിൽ വില്ലനായത്. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തിൽ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു. പത്ത് വർഷം കൊണ്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1634 കേസുകളാണ്.
എല്ലാ സ്റ്റേഷനുകളിലും പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ കോട്ടയം എട്ടാം സ്ഥാനത്താണ്.
വില്ലനായി മൊബൈൽ ഫോണും
മൊബൈൽ ഫോണാണ് മിക്കയിടത്തും വില്ലൻ. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികളിലേറെ ഇരകളായത് മൊബൈലിലൂടെ പരിചയപ്പെട്ടവരുടെ വലയിൽ വീണാണ്. 15നും 17നും വയസിനിടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെല്ലാം ഇൻസ്റ്റഗ്രാമിന്റെ ഇരകളാണ്. റീൽസ് ചെയ്തും മറ്റും ഇൻസ്റ്റഗ്രാമിൽ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്തവരിലേറെയും. പരിചയം നടിച്ചെത്തിയവരിൽ ഭൂരിഭാഗവും അന്യജില്ലക്കാരാണ്. ഓൺലൈൻ ക്ലാസുകൾക്കായി നൽകിയ മൊബൈൽ ഫോൺ വിനയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ പോക്‌സോ കേസുകൾ
2015- 71
2016- 112
2017- 145
2018- 157
2019- 195
2020- 132
2021- 168
2022-192
2023- 251
2024 (നവംബർ വരെ)- 211
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |