സോൾ: ദക്ഷിണ കൊറിയയിൽ സസ്‌പെൻഷനിൽ തുടരുന്ന പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. യൂനിനെ ഇന്നലെ മണിക്കൂറോളം ചോദ്യം ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റ് അറസ്റ്റിലായത്.
യൂനിനെ അറസ്റ്റ് ചെയ്യാൻ ഈ മാസം 3ന് നടന്ന ശ്രമം 200ഓളം പ്രസിഡൻഷ്യൽ ഗാർഡുകളും സൈനികരും ചേർന്ന് തടഞ്ഞിരുന്നു. ഇന്നലെ നേരം പുലരുംമുന്നേ തലസ്ഥാനമായ സോളിലെ യൂനിന്റെ വസതിയിലേക്ക് 3,000ത്തോളം പൊലീസുകാരാണ് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം അറസ്റ്റിനായെത്തിയത്.
ഇവർ മതിൽ ചാടിക്കടന്നും സുരക്ഷാ വേലികൾ ഭേദിച്ചും വസതിയിലേക്ക് കടക്കുകയായിരുന്നു. അതേ സമയം, യൂൻ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ വാറണ്ട് പ്രകാരം യൂനിനെ 48 മണിക്കൂർ കസ്റ്റഡിയിൽ വയ്ക്കാനാണ് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർക്ക് അനുമതി. കസ്റ്റഡി നീട്ടാൻ പുതിയ വാറണ്ട് ലഭിക്കേണ്ടതുണ്ട്.
ഡിസംബർ 3നാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. നടപടിയുടെ പേരിൽ യൂനിനെ പാർലമെന്റിൽ ഇംപീച്ച് ചെയ്യുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. യൂനിനെ പുറത്താക്കണോ എന്നതിൽ ഭരണഘടനാ കോടതിയിൽ വാദം തുടരുകയാണ്. ധനമന്ത്രി ചായ് സാങ്ങ്-മോക് ആണ് നിലവിൽ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |