അബുദാബി: അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്താൻ യുഎഇ. സാധാരണ ഒരു കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പിഴയാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് യുഎഇ ചുമത്തുന്നത്. വാഹനം കണ്ടുകെട്ടൽ, സമ്മൻസ് മുതൽ പ്രോസിക്യൂഷൻവരെയുള്ള കടുത്ത നടപടികളാണ് ഗതാഗത നിയമം ലംഘിക്കുന്നവർ യുഎഇയിൽ നേരിടേണ്ടി വരിക.
ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞദിവസം ഷാർജയും പിഴത്തുക വർദ്ധിപ്പിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുക, നിയന്ത്രിത മേഖലയിൽ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ വാഹനം കണ്ടുകെട്ടും. 20,000 ദിർഹം പിഴയൊടുക്കിയാൽ മാത്രമേ വാഹനം തിരികെ കിട്ടുകയുള്ളൂ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 30,000 ദിർഹമാണ് ഷാർജയിൽ പിഴ.
അശ്രദ്ധമായി വാഹനമോടിക്കുന്നതിന് 50,000 ദിർഹമാണ് അബുദാബിയിലും ദുബായിലും പിഴ നൽകേണ്ടി വരിക. റാസൽ ഖൈമയിൽ ഇത് 20,000 ദിർഹമാണ്. മൂന്നുമാസംവരെ വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും. പിഴ ഒടുക്കുകയും മൂന്ന് മാസത്തിനകം വാഹനം തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കിൽ വാഹനം ലേലത്തിന് വയ്ക്കും.
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകുന്നതിനുള്ള പ്രായം കുറയ്ക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഗതാഗത നിയമങ്ങൾ കർശനമാക്കുന്നത്. നിലവിൽ ലൈസൻസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആണ്. ഈ വർഷം മാർച്ച് 29 മുതൽ 17 വയസ് തികഞ്ഞവർക്കും യുഎഇയിൽ ലൈസൻസ് നേടാൻ സാധിക്കും. ലൈസൻസ് പ്രായം കുറയ്ക്കുന്ന ആദ്യ ജിസിസി രാജ്യം കൂടിയാണ് യുഎഇ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |