ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഹണി റോസും, ബോബി ചെമ്മണ്ണൂരുമാണ്. ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ജയിലിലായ ബോബി മോചിതനായത് കഴിഞ്ഞ ദിവസമാണ്. ലൈംഗിക അധിക്ഷേപത്തിനും ജയിൽ വാസത്തിനും മുമ്പുതന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ബോബി നിറഞ്ഞുനിന്നിരുന്നു. വേഷത്തിന്റെയും രൂപത്തിന്റെയും കാര്യത്തിലായിരുന്നു ഇത്.
ഇറക്കം കുറഞ്ഞ വെള്ളമുണ്ടും, പ്രത്യേക രീതിയിലുള്ള മേൽവസ്ത്രവുമിട്ടാണ് വർഷങ്ങളായി ബോബി പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കൂട്ടത്തിൽ ബോച്ചെ എന്നെഴുതിയ കറുത്ത തലേക്കെട്ടും, നീട്ടിവളർത്തി ചീകിയൊതുക്കാത്ത മുടിയും കൂളിംഗ് ഗ്ലാസുമാകുമ്പോൾ ബോബി ശരിക്കും ബോച്ചെ ആയി മാറും. കോടീശ്വരനും നിരവധി ജുവലറികളുടെ ഉടമസ്ഥനുമാണെങ്കിലും ആഭരണങ്ങളോ വിലകൂടിയ വാച്ചുകളോ അദ്ദേഹം ധരിച്ച് കണ്ടിട്ടില്ല. വേഷങ്ങൾ തിരഞ്ഞെടുത്തിരുന്നത് ബോബി തന്നെയായിരുന്നു.
ക്രിസ്ത്യൻ സ്ത്രീകളുടെ ചട്ടയും മുണ്ടിനോടും സാദൃശ്യമുള്ള വേഷം ബോബി ധരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആത്മീയ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെളളവസ്ത്രം ധരിക്കുന്നതെന്നാണ് ബോബി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ ആത്മീയ ആദർശങ്ങളിൽ നിന്നുളള പ്രചോദനവും ഇത്തരം വേഷം ധരിക്കാൻ പ്രചോദനം ലഭിച്ചിരുന്നുവെന്നും ബാേബി പറഞ്ഞിട്ടുണ്ട്.
ആൾക്കൂട്ടത്തിൽ അദ്ദേഹത്തെ എളുപ്പത്തിൽ തിരിച്ചറിയാനും വെള്ളവേഷത്തിനും തലേക്കെട്ടിനുമായി. അതോടെ അത് തുടർന്നു. ജയിൽവാസ സമയത്ത് നിരവധി ട്രോളുകൾക്കും ഈ വേഷവിധാനം വഴിവച്ചു. ബോച്ചെയ്ക്ക് ജയിൽ യൂണിഫോമിന്റെ ആവശ്യം ഇല്ലെന്നും തടവുപുള്ളിയുടെ നമ്പർ എഴുതാൻ ഒരു മാർക്കർ മാത്രം നൽകിയാൽ മതിയെന്നുമായിരുന്നു ഏറെ വൈറലായ ട്രോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |