മുംബയ്: ഇന്ന് പുലർച്ചയോടെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനുനേരെ സ്വവസതിയിൽ വച്ച് ആക്രമണം ഉണ്ടായത്. മോഷണശ്രമത്തിന്റെ ഭാഗമായാണ് ആക്രമണം സംഭവിച്ചതെന്നാണ് വിവരം. സംഭവത്തിൽ ആറോളം കുത്തുകളേറ്റ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോഴിതാ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മുംബയ് പൊലീസ് പത്ത് സംഘങ്ങളായാണ് പ്രതിക്കായുളള തിരച്ചിൽ നടത്തുന്നത്. കെട്ടിടങ്ങളുടെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് അക്രമി നടന്റെ വീട്ടിലേക്ക് നുഴഞ്ഞുകയറിയത്. അലാറാം കേട്ടതോടെ നടൻ പ്രതിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിനിടയിലാണ് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. ആക്രമണത്തിൽ വീട്ടുജോലിക്കാരിക്കും പരിക്കേറ്റു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ആക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപുളള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായ രീതിയിൽ ആരും നടന്റെ വീടിന് പരിസരത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ജോലിക്കാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നൽകിയതിനുശേഷം ഇവരെ വിട്ടയച്ചു.
നടന്റെ വീടിനോട് ചേർന്നുളള സ്ഥലങ്ങളിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കായി എത്തിയവരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഹൗസിംഗ് സൊസൈറ്റിയിലേക്ക് ആരും അതിക്രമിച്ച് കയറുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. സംഭവത്തിനുശേഷം നടന്റെ വീട്ടിൽ ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |