@ ഒഴിപ്പിച്ച സ്ഥലങ്ങളിൽ വീണ്ടും കൈയേറ്റം
കോഴിക്കോട്: കല്ലായിപ്പുഴയുടെ ഇരു കരകളിലെയും കൈയേറ്റം ഏതാണ്ട് നൂറേക്കറിലധികം വരുമെന്ന് പരിസ്ഥിതി സംഘടനകൾ. ഹെെക്കോടതി നിർദ്ദേശത്തെ തുടർന്ന് നാല് വർഷം മുമ്പ് റവന്യൂ അധികൃതർ നടത്തിയ സർവേയിൽ 33.5 ഏക്കർ കൈയേറ്റമാണ് കണ്ടെത്തിയത്. ഇത് പുഴയുടെ ഒരു ഭാഗം മാത്രമാണ്. സർവേ നടത്താത്ത മറുഭാഗത്ത് ഇതിന്റെ ഇരട്ടിയിലധികം വരുമെന്നാണ് കല്ലായിപ്പുഴ സംരക്ഷണ സമിതി പറയുന്നത്. കല്ലായി പാലത്തിന് സമീപം സ്വകാര്യ വ്യക്തി 31 സെന്റ് സ്ഥലം കൈയേറി മണ്ണിട്ട് നികത്തിയത് കോർപ്പറേഷൻ, റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കൈയേറ്റക്കാർക്ക് താമസിയാതെ നോട്ടീസ് നൽകും. 33.5 ഏക്കർ കൈയേറ്റം കണ്ടെത്തിയിടത്ത് അഞ്ചര ലക്ഷം ചെലവിൽ മൂന്നടി ഉയരത്തിൽ 100 ജണ്ട കെട്ടിയിരുന്നെങ്കിലും അതിൽ പലതും തകർത്ത നിലയിലാണ്. കൈയേറ്റത്തിന് റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയുള്ളതായും ആക്ഷേപമുണ്ട്. 29ന് തുടങ്ങുന്ന കല്ലായിപ്പുഴ ആഴം കൂട്ടുൽ പ്രവൃത്തിക്കുശേഷം മുഴുവൻ കൈയേറ്റവും ഒഴിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്താനുള്ള നീക്കത്തിലാണ് സംരക്ഷണ സമിതി. കൈയേറ്റം മുഴുവനായി ഒഴിപ്പിക്കണമെന്ന് ഹെെക്കോടതി നിർദ്ദേശമുണ്ടെങ്കിലും ഒഴിപ്പിച്ചിട്ടില്ല. ഒഴിപ്പിച്ച ശേഷം സർക്കാരിന് ആവശ്യമെങ്കിൽ ഭൂമി ലീസിന് കൊടുക്കാമെന്നും കോടതി പറഞ്ഞിരുന്നു. നിലവിൽ കൈയേറ്റക്കാരായി അറുപത്തിയാറിലധികം വ്യക്തികളുണ്ടെന്നാണ് വിവരം. മുമ്പ് തടി വ്യവസായത്തിന് വേണ്ടി ലീസിനെടുത്തതാണ് സ്ഥലം. അക്കാലത്ത് 250 ഓളം ഈർച്ചക്കമ്പനികളുണ്ടായിരുന്നത് ഇപ്പോൾ മുപ്പതിൽ താഴെയായി. ബാക്കിയുള്ളവ ഗോഡൗണുകളാണിപ്പോൾ. 2008ൽ കെട്ടിടമടക്കമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. തുടർനടപടിയുണ്ടാകാത്തതിനാൽ അവയിൽ പലതും വീണ്ടും കൈയേറിയെന്നാണ് വിവരം.
കല്ലായിപ്പുഴ നവീകരണത്തിലൂടെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. നഗരപരിധിയിൽ അഞ്ച് കിലോമീറ്ററാണ് പുഴയുടെ നീളം. ആകെ 22 കിലോമീറ്റർ. 4.2 കിലോമീറ്ററിലാണ് നവീകരണം നഗരത്തിലെ വെള്ളം കനോലി കനാലിലേക്കും തുടർന്ന് കല്ലായിപ്പുഴയിലേയ്ക്കുമാണ് എത്തുന്നത്. രണ്ട് മീറ്റർ ഉയരത്തിലാണ് പുഴയിൽ ചെളി അടിഞ്ഞിട്ടുള്ളത്. ഡ്രഡ്ജർ ഉപയാേഗിച്ച് ഇത് നീക്കി കടലിൽ നാല് കിലോമീറ്റർ ദൂരത്ത് കൊണ്ടുപോയി നിക്ഷേപിക്കാനാണ് പദ്ധതി.
പഴയ തലമുറ കരുതിവച്ചതാണ് കല്ലായിപ്പുഴ. ഇത് സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കെെമാറണം.
- ഫെെസൽ പള്ളിക്കണ്ടി
സെക്രട്ടറി,
കല്ലായിപ്പുഴ സംരക്ഷണ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |